22 August Thursday

അഴിമതിപ്പണം കുന്നുകൂടുന്നത് ബിജെപിയുടെ കൈവശം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
തൃശൂർ/ചാലക്കുടി
രാജ്യത്ത് നടമാടിയ അഴിമതിപ്പണത്തിന്റെ നല്ലൊരു പങ്ക‌് ബിജെപിക്ക് വരുന്നുണ്ടെന്നാണ് സമീപകാലത്ത് പുറത്തുവരുന്ന തെളിവുകളിൽനിന്ന് വ്യക്തമാകുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 
ഇങ്ങനെ വരുന്ന പണം ഇലക്ട്രൽ ബോണ്ടുകൾ എന്ന സംവിധാനം സൃഷ്ടിച്ച് പണം അതിലേക്ക് ഒഴുക്കുകയാണ്. ഇത് ദുരൂഹമായ ഫണ്ടാണ്. കൊടുത്തതാരെന്നോ കിട്ടിയതാർക്കെന്നോ അറിയാത്ത വിധത്തിലുള്ള ഒരുപാട് ഇടപാടുകൾ അതിലുണ്ട്. ഒടുവിൽ സുപ്രീം കോടതി ഇതിൽ ഇടപെട്ടു. 
പുറത്തുവന്നത് ഇലക്ട്രൽ ബോണ്ടുകളിലേക്ക് ഒഴുകിയ പണത്തിന്റെ 91 ശതമാനവും എത്തിപ്പെട്ടത് ബിജെപി എന്ന ഒറ്റ പാർടിക്കാണ്. 
ആ പണം ഉപയോഗിച്ചാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ചാലക്കുടിയിലും തൃശൂരിലും എൽഡിഎഫ‌് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ യെച്ചൂരി പറഞ്ഞു. 
മതേതര ജനാധിപത്യ ഇന്ത്യ തുടരണോ എന്ന് നിർണയിക്കുന്ന അതിനിർണായകമായ തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. മോഡിയുടെ അവസാന അഞ്ചുവർഷം ഭരണഘടന സംവിധാനത്തെയും അനുബന്ധ സ്ഥാപനങ്ങളെയും കൃത്യമായി തകർക്കുന്നതാണ് കാണാനായത്. ഏറ്റവും കുറഞ്ഞ കാലം പാർലമെന്റ് ചേർന്നത് ഇക്കുറിയാണ്. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനം തകർത്ത് ആർഎസ്എസ് ആഗ്രഹിക്കുന്ന തരത്തിൽ രാജ്യത്തെ മാറ്റി തീർക്കുകയാണ് മോഡി സർക്കാർ ചെയ്യുന്നത‌്. 
കേരളത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുമെന്ന മോഡിയുടെ പ്രസ്താവന വഞ്ചനാപരമായ മറ്റൊരു നിലപാടാണ്. കേരളത്തിൽ ജാതിമത ഭേദമെന്യേ ഏവരും സോദരത്വേന വാഴുന്ന നാടാണ്. എന്നാൽ, കേരളത്തിന് പുറത്ത് എന്താണ് നടക്കുന്നത്. ഗോരക്ഷ, ബീഫ് എന്നിവയുടെ പേരിൽ മനുഷ്യനെ കൊല്ലുകയാണ്. കേരളത്തിൽ ബീഫ് കഴിക്കാൻ സംവിധാനം ചെയ്യുമെന്ന് പറയുന്ന ബിജെപിക്കാർ മറ്റു സംസ്ഥാനങ്ങളിൽ ബീഫിന്റെ പേരിൽ മനുഷ്യരെ കൊല്ലുകയാണ്. 
ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി ഭീകരമാണ്. ഈ യാഥാർഥ്യം മറച്ചുവച്ചാണ് ജനാധിപത്യതിന്റെയും മതേതരത്വത്തിന്റെയും പേരിൽ ലോകത്തിനുതന്നെ മാതൃകയായ കേരളത്തിൽ  സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് മോഡി പറയുന്നത്. 
ഒന്നാം യുപിഎ സർക്കാരിൽ ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായതിനാലാണ് മികച്ച കുറേ കാര്യങ്ങൾ ചെയ്യാനായത്. 
രണ്ടാം യുപിഎ സർക്കാരിൽ ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതിരുന്നതിനാൽ അത് അഴിമതിയിൽ കൂപ്പുകുത്തുകയും, ബിജെപിക്ക് അധികാരത്തിൽ വരാൻ അവസരം ഉണ്ടാക്കുകയും ചെയ്തുവെന്ന യാഥാർഥ്യം നാം തിരിച്ചറിയണം. അതുകൊണ്ട്  കേരളത്തിൽനിന്ന് മുഴുവൻ സീറ്റുകളിലും എൽഡിഎഫ് സ്ഥാനാർഥികളെ  വിജയിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top