19 March Tuesday
വിവിധ പദ്ധതികള്‍ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാർ നവകേരളത്തിന് അടിത്തറ പാകി: വി എസ് സുനിൽകുമാർ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

തൃശൂർ
സംസ്ഥാന സർക്കാരിന്റെ ആയിരംദിനങ്ങൾ നവകേരളത്തിന് അടിത്തറ പാകിയെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ആയിരംദിനാഘോഷങ്ങളുടെ ജില്ലാതല പരിപാടി വിശദീകരിച്ച് രാമനിലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനകാര്യത്തിലും സാമൂഹിക ക്ഷേമ കാര്യങ്ങളിലും മികച്ച നേട്ടം സാധ്യമാക്കി. ഭരണ–-പ്രതിപക്ഷഭേദമെന്യേ എല്ലാ മണ്ഡലങ്ങൾക്കും തുല്യ പ്രാധാന്യത്തോടെ ഫണ്ട് അനുവദിക്കാൻ സർക്കാരിനു കഴിഞ്ഞു. കോൾ വികസനം, ജനറൽ ആശുപത്രി വികസനം, സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിന് തുടക്കം, പുത്തൂർ സുവോളജിക്കൽ പാർക്ക് നിർമാണം ഉൾപ്പെടെ വലിയ നേട്ടങ്ങൾ ആയിരം ദിനങ്ങൾകൊണ്ട് ജില്ലയിൽ യാഥാർഥ്യമായി. പ്രളയത്തിൽ കൃഷിനാശം സംഭവിച്ചവർക്ക് 67 ശതമാനം പണവും നൽകിക്കഴിഞ്ഞു. ബാക്കി തുക മാർച്ച് മാസത്തിനുള്ളിൽ വിതരണം പൂർത്തിയാക്കും.
തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ആയിരംദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികൾ ജില്ലയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ ഭരണകേന്ദ്രം, ഇൻഫർമേഷൻ–-പബ്ലിക് റിലേഷൻസ് വകുപ്പ്, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, ഇതര വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ആഘോഷം 20 മുതൽ 27 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർഥി കോർണറിൽ നടക്കും. 20ന് വൈകിട്ട് അഞ്ചിന് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈകിട്ട‌് നാലിന് സ്വരാജ് റൗണ്ട‌് ചുറ്റി സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. ജില്ലയുടെ വികസന ചിത്രപ്രദർശനം, വിപണനമേള, സെമിനാറുകൾ, കലാപരിപാടികൾ, മണ്ഡലാടിസ്ഥാനത്തിലുള്ള പ്രവർത്തനോദ്ഘാടനങ്ങൾ എന്നിവ ആയിരംദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
21ന് രാവിലെ പത്തിന് കാർഷിക വികസനം–-തൃശൂരിന്റെ കരുത്തും പ്രതീക്ഷകളും സെമിനാർ നടക്കും. മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. 23ന് പകൽ രണ്ടിന് നവോത്ഥാനം, മാനവികത–- ചരിത്രം, വർത്തമാനം സെമിനാർ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. കെ രാജൻ എംഎൽഎ അധ്യക്ഷനാകും. 25ന് രാവിലെ 10.30ന് വികസനം–-നവസങ്കൽപ്പങ്ങൾ സെമിനാർ മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനാകും.
26 ന് രാവിലെ പത്തിന് മാറുന്ന സമൂഹവും ലിംഗസമത്വവും സെമിനാർ വനിതാ കമീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയാകും.  എല്ലാദിവസവും വൈകിട്ട് കലാപരിപാടികളും അരങ്ങേറും.  ഗസൽ ഗായകൻ ഷഹബാസ് അമൻ, സിനിമാ താരം ജയരാജ് വാര്യർ ഉൾപ്പെടെയുള്ളവർ കലാപരിപാടികൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കലക്ടർ ടി വി അനുപമ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top