തൃശൂർ
വടക്കാഞ്ചേരി നഗരസഭയിലെ അത്താണിയടക്കം പല സീറ്റുകളും അനിൽ അക്കര എംഎൽഎ പേമെന്റ് സീറ്റുകളാക്കി കൈമാറിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം വൈസ് പ്രസിഡന്റ് ടി ഷാജു ജോസ് രാജിവച്ചു.
കോൺഗ്രസിന്റെ സീറ്റുകൾ വൻ വിലയ്ക്ക് മറ്റു ചിലർക്ക് മറിച്ചു നൽകിയതിനൊപ്പം, വർഗീയ പാർടികളായ വെൽഫെയർ പാർടി, എസ്ഡിപിഐ തുടങ്ങിയ പാർടികൾക്ക് യുഡിഎഫ് സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചുകൂടിയാണ് ഷാജു ജോസ് രാജിവച്ചത്. തുടർന്നുള്ള നാളുകളിൽ അഴിമതിക്കെതിരെയും നാടിന്റെ മതേതരത്വം സംരക്ഷിക്കുന്നതിനുവേണ്ടിയും സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വാർത്താകുറിപ്പിൽ ഷാജു ജോസ് പറഞ്ഞു.
ഡിസിസി സെക്രട്ടറി കെ അജിത്കുമാർ ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഫോട്ടോയുടെ യഥാർഥ വസ്തുത അന്വേഷിക്കാതെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് പി ടി അരുണിനെ സസ്പെൻഡ് ചെയ്ത നടപടിയും അംഗീകരിക്കാനാവില്ല. കേരളത്തിലെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് ആർഎസ്എസ് നേതൃത്വം നൽകുന്ന സ്വദേശി ജാഗരൺ മഞ്ച് ഹൈക്കോടതിയിൽ നൽകിയ കേസിനുവേണ്ടി ഹാജരായത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനാണ്.
മതനിരപേക്ഷതയെ തകർക്കുന്ന കൂട്ടുകെട്ടിനെ എതിർത്താണ് 15 വർഷത്തിലേറെയായി പ്രവർത്തിച്ച കോൺഗ്രസ് പാർടിയിൽനിന്ന് രാജിവയ്ക്കുന്നതെന്നും ഷാജു ജോസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..