25 August Sunday
അതിജീവനം

വിദ്യാഭ്യാസമേഖല നൽകിയത് ഒന്നേകാൽ കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019
തൃശൂർ
പ്രളയത്തിന‌് ഒരാണ്ട് തികയുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ വിദ്യാഭ്യാസമേഖലയുടെ സംഭാവന ഒന്നേകാൽ കോടി രൂപ. 
പ്രളയദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ സ്‌കൂളുകളിൽ നിന്നായി 1,28,76,104 രൂപയാണ് സംഭാവനയായി നൽകിയത്. പ്രളയത്തിൽ  വിദ്യാഭ്യാസമേഖലയിലുണ്ടായ നഷ്ടം 7.83 കോടിയാണ്. ഈ നഷ്ടം നികത്തുന്നതിനിടെയാണ്  ഇത്രയും തുക സമാഹരിച്ച് നൽകിയത്. 
മുല്ലശേരി, ഇരിങ്ങാലക്കുട, തൃശൂർ നോർത്ത്, വെസ്റ്റ്, വലപ്പാട്, വടക്കാഞ്ചേരി, കുന്നംകുളം, കൊടുങ്ങല്ലൂർ, ചേർപ്പ്, ചാലക്കുടി, മാള വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള 105 സ്‌കൂളുകളെയാണ് പ്രളയം ബാധിച്ചത്. യൂണിഫോം നഷ്ടപ്പെട്ട 1664 വിദ്യാർഥികൾക്ക് കൈത്തറി യൂണിഫോം വിതരണം പൂർത്തിയായി. സ്‌കൂൾ കെട്ടിടങ്ങളുടെ  അറ്റകുറ്റപ്പണി സ്‌കൂൾ പിടിഎ മുഖാന്തരവും മാനേജ്മെന്റ്തലത്തിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഹൺഡ്രഡ് ഫോർ ഹൺഡ്രഡ് ഫൗണ്ടേഷൻ, മുംബൈ ആസ്ഥാനമായുള്ള ബ്ലൂം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ പ്രൈവറ്റ് ഏജൻസികളുടെ സഹായത്തോടെയും പൂർത്തീകരിച്ചു. 
തദ്ദേശസ്ഥാപനങ്ങൾ മുഖേന 5.41 ലക്ഷവും വകമാറ്റി. കെബിപിഎസ് മുഖേന 20‌,000 വിദ്യാർഥികൾക്ക് 1‌,40,276 ടെക്സ്റ്റ് ബുക്കുകളും 1,25,000 നോട്ട്ബുക്കുകളും 25,747 പഠനസാമഗ്രികളും വിതരണം ചെയ്തു. ആറായിരത്തോളം ബാഗുകൾ വിവിധ ഏജൻസികൾ മുഖേനയും 2000 ബാഗുകൾ പ്ലാനിങ് ഇന്ത്യ കമ്പനി മുഖേനയും വിതരണം ചെയ്തു. പേന, പെൻസിൽ, കുട തുടങ്ങിയ പഠനോപകരണങ്ങളും  വിതരണം ചെയ‌്തു.
പ്രധാന വാർത്തകൾ
 Top