17 November Sunday

കുരുക്കൊഴിവാക്കാൻ ഉയരും 4 മേല്‍പ്പാലങ്ങള്‍

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019

പുതുതായി റെയിൽവേ മേൽപ്പാലം നിർമിക്കുന്ന ഒല്ലൂരിനടുത്ത‌് തൈക്കാട്ടുശേരി റെയിൽവേഗേറ്റിലെ ഗതാഗതക്കുരുക്ക‌്

 

 
തൃശൂർ
ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമായി ജില്ലയ്ക്ക് നേട്ടമായി നാല‌് മേൽപ്പാലങ്ങൾകൂടി ഉയരും. കല്ലേറ്റുംകര, തൈക്കാട്ടുശേരി, പോട്ടോർ, പൈങ്കുളം എന്നിവിടങ്ങളിലാണ് പാലം നിർമിക്കുക. സംസ്ഥാനത്ത് 27 റെയിൽവേ മേൽപ്പാലങ്ങൾ നിർമിക്കാനാണ് എൽഡിഎഫ് സർക്കാർ അനുമതി നൽകിയത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ്  എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കാനൊരുങ്ങുന്നത്.
കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവർബ്രിഡ്ജുകളുടെ നിർമാണത്തിന‌് കേന്ദ്രസർക്കാരുമായും റെയിൽവേയുമായും ധാരണപത്രം ഒപ്പിടുന്നതിനാണ് കഴിഞ്ഞദിവസം മന്ത്രിസഭ അനുമതി നൽകിയത്. 27 പാലത്തിനും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ഭൂമി സർവേ, അലൈൻമെന്റ് എന്നിവ ഉൾപ്പെടുത്തിയ പ്ലാൻ തയ്യാറാക്കി. ആറെണ്ണം ടെൻഡർ നടപടികളായി. 30 കോടിയാണ് ഒരു പാലത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.  
സ്ഥലം ഏറ്റെടുക്കാതെത്തന്നെ മേൽപ്പാല നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ പാലം നിർമാണം വേഗത്തിൽ ആരംഭിക്കും. ഇത്തരത്തിൽ അഞ്ച‌് മേൽപ്പാലങ്ങളുണ്ട്.  സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യമുള്ള മേൽപ്പാലങ്ങളുടെ, സർവേ നമ്പർ ഉൾപ്പെടെ സർക്കാരിന് കൈമാറിയതായി റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു.   ഭൂമി ഏറ്റെടുത്ത് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. നിർമാണച്ചെലവ്  സംസ്ഥാന സർക്കാരും റെയിൽവേയും തുല്യമായെടുക്കും. ഡിപിആർ തയ്യാറാക്കിയാലാണ് ഫണ്ട് തീരുമാനിക്കാനാവുക.  
ഇരിങ്ങാലക്കുടയ‌്ക്കും പുതുക്കാടിനും ഇടയിൽ കല്ലേറ്റുംകരയിൽ  കേരള ഫീഡ്സിലേക്കുള്ള  റോഡിലാണ് പുതിയ പാലം വരുന്നത്. കേരള ഫീഡ്സിലേക്കുള്ള ടോറസ് വാഹനങ്ങൾ കടന്നുപോവുന്ന പാതയാണിത്. റെയിൽഗെയ്റ്റ് അടച്ചാൽ ടോറസ് ലോറികൾ കുടുങ്ങുന്നതോടെ ഇതുവഴിയുള്ള നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കാറുണ്ട്. പള്ളിയിലേക്കും സ്കൂളിലുമെല്ലാം പോവുന്ന വാഹനങ്ങൾ ഇവിടെ കുടുങ്ങാറുണ്ട്. പാലം യാഥാർഥ്യമാവുന്നതോടെ  കൊടകരയിലേക്കും ഇരിങ്ങാലക്കുടയിലേക്കും യാത്ര  സുഗമമാവും. 
പുതുക്കാടിനും ഒല്ലൂരിനും ഇടയിൽ തൈക്കാട്ടുശേരിയിൽ പാലം വരുന്നതോടെ ഇരിങ്ങാലക്കുട, തൃപ്രയാർ ഭാഗത്തേക്ക് യാത്ര സുഗമമാവും.  തിരിച്ച് ദേശീയാപാതയിൽ തലോരിലേക്ക് കടക്കാം, എറണാകുളം ഭാഗത്തുനിന്നും  തൈക്കാട്ടുശേരി വൈദ്യരത്നംആയുർവേദ സ്ഥാപനത്തിലേക്ക് രോഗികളെ എത്തിക്കാനും കൂടുതൽ സൗകര്യപ്രദമാവും.  പൂങ്കുന്നത്തിനും മുളങ്കുന്നത്തുകാവിനും ഇടയിൽ പോട്ടോരിൽ പാലം വരുന്നതോടെ മെഡിക്കൽകോളേജിലേക്കുള്ള യാത്ര സുഗമമാവും. ഗതാഗതക്കുരുക്കും ഒഴിവാകും. അവണൂർ, കോലഴി, അടാട്ട് പഞ്ചായത്തുകളിൽനിന്നുള്ളവർക്ക് ഷൊർണൂർ പാതയിലേക്ക് എത്താനും സൗകര്യപ്രദമാണ്. 
  ഷൊർണൂരിനും വള്ളത്തോൾ നഗറിനും ഇടയിൽ പൈങ്കുളത്ത് പാലം നിർമിക്കുന്നതോടെ ചേലക്കര, കൊണ്ടാഴി, പാഞ്ഞാൾ വള്ളത്തോൾ നഗർ പഞ്ചായത്തുകളിലെ ജനങ്ങൾക്ക്   യാത്രാദുരിതം ഒഴിയും. ദിനംപ്രതി നൂറിൽപ്പരം ട്രെയിനുകൾ കടന്നുപോകുന്നതിനാൽ  മിക്കവാറും സമയങ്ങളിൽ റെയിൽവേ ഗേറ്റ് അടഞ്ഞാണ് കിടക്കുക.  ട്രെയിനുകളും സിഗ്നൽ കാത്തുകിടക്കുന്നതും പതിവാണ്. ജില്ലയിൽ നന്തിക്കര, നെല്ലായി, കണിമംഗലം എന്നിവിടങ്ങളിൽ പാലം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റിൽ തീരുമാനിച്ചിട്ടുണ്ട്. കിഫ്ബിവഴി ഫണ്ടുപയോഗിച്ചാണ് ഈ പാലങ്ങൾ നിർമിക്കുക.
ജില്ലയിലെ മന്ത്രിമാരായ എ സി മൊയ‌്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ‌്, വി എസ‌് സുനിൽകുമാർ, മറ്റ‌് എൽഡിഎഫ‌് ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഇടപെടൽമൂലമാണ‌്  മേൽപ്പാലങ്ങൾ യാഥാർഥ്യമാകുന്നത‌്.
പ്രധാന വാർത്തകൾ
 Top