17 November Sunday
വള്ളം മറിഞ്ഞു

മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

അഴീക്കോട്‌ കടലിൽ നസീറും സംഘവും മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നു

 
കൊടുങ്ങല്ലൂർ
മത്സ്യബന്ധനം കഴിഞ്ഞുമടങ്ങുകയായിരുന്ന വള്ളം വൻ തിരമാലയടിച്ച് അഴീക്കോട് കടലിൽ മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി. അഴീക്കോട് നിന്ന് കടലിലേക്ക് മത്സ്യബന്ധനം നടത്തി തിരിച്ചുവരികയായിരുന്ന "മർഹബ'  വള്ളമാണ് തിരമാലയടിച്ച് മറിഞ്ഞത്. ഞായറാഴ്‍ച രാവിലെ 8.40നാണ് സംഭവം. 
വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അഴീക്കോട് അഞ്ചലശേരി അബ്ദുള്ള (55), കളത്തിൽ ഇബ്രാഹിം (47), കളത്തിൽ മുഹമ്മദ് (50), കൊല്ലത്ത് വീട്ടിൽ അബ്ദുൾ സലാം (51), അഞ്ചലശേരി മുഹമ്മദാലി എന്നിവരെയാണ് രക്ഷിച്ചത്. ഞായറാഴ്‍ച പുലർച്ചെ നാലോടെയാണ് തീരക്കടലിൽ മത്സ്യബന്ധനം നടത്തിയത്. 
ഒരാഴ്‍ചയിലേറെയായി കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ വള്ളം തള്ളിയിരുന്നില്ല. ഞായറാഴ്‍ച കടൽ ക്ഷോഭത്തിന്റെ ശക്തി കുറഞ്ഞതിനാലാണ് മത്സ്യബന്ധനത്തിന‌് പോയത്. 10,000 രൂപയോളം വില വരുന്ന മത്സ്യം ഇവർക്ക് ലഭിച്ചു. തുടർന്നാണ് അഴീക്കോട് ജെട്ടിയിലേക്ക് മടങ്ങിയത്. അഴിമുഖത്ത് എത്താറായപ്പോൾ നിയന്ത്രണം വിട്ട വള്ളം കടലിൽ മറിഞ്ഞു. ഈ സമയം അഴിമുഖത്തിനടുത്തുനിന്ന് വള്ളം മറിയുന്നത് കണ്ട അഴീക്കോട് കൊല്ലത്ത് വീട്ടിൽ നസീറും സംഘവും ഫൈബർ ബോട്ടിൽ അപകട സ്ഥലത്തേക്ക് കുതിച്ചു. അഴീക്കോട് തീരദേശ പൊലീസും പിറകെയെത്തി. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും സാഹസികമായി രക്ഷിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തി. 
കടലിലേക്ക് മറിഞ്ഞ വള്ളം ഫിഷറീസിന്റെ ബോട്ടിൽ കെട്ടി വലിച്ച് കരയ്ക്കെത്തിച്ചു. 10,000 രൂപയുടെ മീനും, 40,000 രൂപ വിലവരുന്ന വലയും, ഒന്നര ലക്ഷം  വില വരുന്ന എൻജിനും നഷ്ടപ്പെട്ടു. അഴീക്കോട് തീരദേശ  സ്റ്റേഷനിലെ എസ്‍ഐ സി എം നന്ദനൻ, സിപിഒമാരായ എം എൻ സന്തോഷ്, ശ്രീകുമാർ, ലാസ്‍കർ ജവാവ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
 
രക്ഷകരായത് നസീറും സംഘവും
 
തിരമാലകളോട് മല്ലിട്ട് കടലാഴങ്ങളിലേക്ക് മുങ്ങിതാഴുമായിരുന്ന അഞ്ച് ജീവനുകളെ കൈപിടിച്ചുയർത്തി കരക്കെത്തിച്ച സന്തോഷത്തിലാണ് അഴീക്കോട് കൊല്ലത്ത് വീട്ടിൽ നസീറും സംഘവും. ചീനവലക്കാരുടെ വിളി കേട്ടാണ് നസീർ അമ്പരന്നത്. അങ്ങകലെ വള്ളം മറിയുന്ന കാഴ്‍ചയാണ് കണ്ടത്. പിന്നെയൊന്നും ആലോചിച്ചില്ല. തന്റെ ബിസ്‍മില്ല എന്ന വള്ളവുമായി സഹത്തൊഴിലാളികളായ പനപറമ്പിൽ അയൂബിനെയും വലിയ വീട്ടിൽ ഗഫൂറിനെയും കൂട്ടി ആർത്തലയ്‍ക്കുന്ന തിരമാലകളെ വകവയ്‍ക്കാതെ അപകടസ്ഥലത്തേക്ക് പാഞ്ഞു. ഏതുനിമിഷവും കടലിന്റെ അഗാധതയിലേക്ക് ആണ്ടു പോകുമായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെ അതിസാഹസികമായി ഇവർ രക്ഷിച്ചു. 
കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മർഹബ എന്ന വള്ളമാണ് വൻ തിരമാലയടിച്ച് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികൾക്കാണ് നസീറും സംഘവും പുതുജീവൻ നൽകിയത്. ഒരുപാട് ജീവനുകളുടെ രക്ഷകനായിട്ടുണ്ട് നസീർ.  രക്ഷാപ്രവർത്തനത്തിന് രാഷ്ട്രപതിയിൽനിന്ന് മെഡലും വാങ്ങിയിട്ടുണ്ട്. 1995 ആഗസ്ത് 15ന് രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്നാണ് മെഡൽ വാങ്ങിയത്. അഞ്ച് മത്സ്യത്തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് കടലിൽ പോയ മൂടിവെട്ടിവള്ളം മറിയുകയായിരുന്നു. നസീർ നാല് പേരെ സാഹസികമായി രക്ഷിച്ചപ്പോൾ ഒരാൾ കടലാഴങ്ങളിലേക്ക് മറഞ്ഞുപോയി.  18–-ാം വയസ്സിലാണ് നസീർ ഈ ധീര കൃത്യം നടത്തിയത്. അഴീക്കോട്–-മുനമ്പം ഫെറിയിൽ കടത്തുവഞ്ചി മുങ്ങിയപ്പോഴും ഒരാളെ രക്ഷിച്ചു.
പ്രധാന വാർത്തകൾ
 Top