12 December Thursday

ചുമടിന് അവധി; ബൈക്കില്‍ 8700 കിമീ

സ്വന്തം ലേഖകൻUpdated: Wednesday Oct 16, 2019

വൈശാഖ്‌ യാത്രക്കിടെ

തൃശൂർ
പുകയുന്ന കശ്മീരിൽ തോക്കിൻമുനയിൽ വാഹന പരിശോധനയ്‌ക്കിടയിലൂടെ പാകിസ്ഥാൻ അതിർത്തിയിലൂടെ വൈശാഖ്  സഞ്ചരിച്ചു. ബസിലും  ട്രെയിനിലുമല്ല, സ്വന്തം സുസുക്കി ജിക്സർ ബൈക്കിലൊരു സഞ്ചാരം. ഒന്നും രണ്ടും കിലോമീറ്ററല്ല 8700 കിലോമീറ്റർ. ചിയ്യാരത്ത് സിഐടിയുവിന്റെ നീലക്കുപ്പായമണിഞ്ഞ് ചുമടെടുക്കുമ്പോഴും വർഷങ്ങളായുള്ള വൈശാഖിന്റെ മോഹമാണ് സഫലമായത്.
 ചിയ്യാരം പോസ്റ്റോഫീസ് റോഡിൽ  കറുത്തേടത്ത്  വൈശാഖാണ് (29) ഇന്ത്യ, പാകിസ്ഥാൻ, ചൈന അതിർത്തിയിലൂടെയും ബൈക്കിൽ  യാത്ര ചെയ്തതത്. ലൈസൻസ് ലഭിച്ചപ്പോൾമുതൽ ഇത്തരംയാത്ര ആഗ്രഹമായിരുന്നു. വീട്ടുകാർ എതിർത്തില്ല. തുടർന്ന് സെപ്തംബർ 13നാണ് തൃശൂർ കൂർക്കഞ്ചേരിയിൽനിന്നും യാത്ര പുറപ്പെട്ടത്. കഴിഞ്ഞദിവസമാണ് തിരിച്ചെത്തിയത്. കൂടെ മലപ്പുറത്തുനിന്നുള്ള ഷെമീറെന്ന സുഹൃത്തുണ്ടായിരുന്നു. വഴി മധ്യേ അയാൾ ട്രെയിനിൽ മടങ്ങി. പക്ഷേ, വൈശാഖ് പിന്മാറിയില്ല. ഓൾ ഇന്ത്യ വിന്റേ്ജ് ഗ്രൂപ്പ്, കെ എൽ 14 ഹൈദരാബാദ് എന്നീ ഗ്രൂപ്പുകളുടെ സഹായത്തോടെ യാത്ര തുടർന്നു.  കശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിലുള്ള പ്രതിഷേധങ്ങൾ കനക്കുന്ന സമയത്തായിരുന്നു  ശ്രീനഗറിലെത്തുന്നത്. വഴിനീളെ തോക്കേന്തിയ പട്ടാളക്കാർ, മൊബൈൽ നെറ്റ്‌വർക്കുപോലുമില്ലാത്ത സ്ഥിതി. വാഹനവും ബാഗുൾപ്പെടെയും പരിശോധിച്ചു. എന്നാൽ, റൈഡിങ് സ്റ്റിക്കറുകളും രേഖകളും കാണിച്ചപ്പോൾ തടസ്സങ്ങളുണ്ടായില്ല.
  ശ്രീനഗറിലെത്തിയപ്പോൾ ബൈക്ക്‌ തകരാറിലായതായി വൈശാഖ് പറഞ്ഞു. പലരും സഹായവുമായെത്തി. തുടർന്ന്  ലഡാക്കിലേക്കും  പാകിസ്ഥാൻ, ചൈന അതിർത്തി ഗ്രാമങ്ങളിലൂടെയും യാത്ര തുടർന്നു. 
എപ്പോഴും പട്ടാളക്കാരുടെ നിരീക്ഷണത്തിലായിരുന്നു. അടുത്ത ഓണത്തിന് കേരള–-സിംഗപ്പുർ യാത്ര ലക്ഷ്യമിടുന്നതായും വൈശാഖ് പറഞ്ഞു. ചിയ്യാരം ആൽത്തറ സെന്ററിലെ സിഐടിയു യൂണിയൻ ചുമട്ടുതൊഴിലാളിയാണ്. വിജയനും  ശാന്തയുമാണ്‌ അച്ഛനമ്മമാർ . ഭാര്യ: സുപ്രഭ. മകൻ: അദ്വിക്.
പ്രധാന വാർത്തകൾ
 Top