21 October Monday

അപ്പോളോ ടയേഴ്‌സ്‌ പ്രവർത്തനം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019
സ്വന്തം ലേഖകൻ
കൊടകര
പേരാമ്പ്ര അപ്പോളോ ടയേഴ്‌സ്‌  ഞായറാഴ്‌ച  പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനം നിർത്തി അഞ്ചാം ദിവസമാണ്‌ തുറക്കുന്നത്‌. ഈ മാസം 205 ടൺ ഉൽപ്പാദനമാണ്‌ ലക്ഷ്യമിട്ടുള്ളതെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു.  വാഹനവിപണിയിലെ മാന്ദ്യം കമ്പനിയുടെ ടയർ വിപണനത്തെയും ബാധിച്ചതാണ്‌ ഉൽപ്പാദനം നിർത്താൻ ഇടയാക്കിയത്‌.  കേന്ദ്രസർക്കാർ ഉത്തേജക നടപടി സ്വീകരിച്ചില്ലെങ്കിൽ ടയർ നിർമാണ കമ്പനികളുടെ നിലനിൽപ്പ്‌ പ്രതിസന്ധിയിലാകും. 
ഞായറാഴ്‌ച  ഉൽപ്പാദനവും പുനരാരംഭിച്ചു.  ഒരു ലക്ഷത്തോളം ടയറാണ്‌ വിറ്റഴിക്കാനാവാതെ പേരാമ്പ്രയിലെ പ്ലാന്റിൽ  കെട്ടിക്കിടക്കുന്നത്‌. ഇത്‌ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വിപണിയിലെ മാന്ദ്യം തീരാതെ വിൽപ്പന ഊർജിതമാവില്ല. 
330 ടൺ പ്ലാന്റാണ്‌ പേരാമ്പ്രയിലേത്‌. എന്നാൽ ഉൽപ്പാദനം അതിനടുത്തെത്തില്ല. ഈ നില തുടർന്നാൽ  കമ്പനി  പ്രവർത്തനത്തെ രൂക്ഷമായി ബാധിക്കും. 
ട്രാക്ടർ ട്രക്ക്‌, മിനി ട്രക്ക്‌ ടയറുകളും ചെറു ടയറുകളുമാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്‌. കാർഷികമേഖലയിലെ പ്രതിസന്ധിയിൽ ട്രാക്ടറുകളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു.  ഇത്‌ ടയർ ഉൽപ്പാദനത്തെയും ബാധിച്ചു. ട്രക്കുകളുടെയും മിനിട്രക്കുകളുടെയും വിൽപ്പന ഇടിഞ്ഞതും ടയർ വിൽപ്പനയെ ബാധിച്ചു.  വാഹനവിപണിയും ടയർ നിർമാണ മേഖലയും തകരുമെന്നായിട്ടും  കേന്ദ്രസർക്കാർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്‌. 
1800 ഓളം സ്ഥിരം തൊഴിലാളികളും ആയിരത്തോളം താൽക്കാലിക ജീവനക്കാരുമാണ്‌ പേരാമ്പ്ര യൂണിറ്റിലുള്ളത്‌. മാന്ദ്യം  ടയർ മേഖലയിലെ ലക്ഷക്കണക്കിന്‌ തൊഴിലാളികളെ  ബാധിക്കും. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ തൊഴിലാളികൾ സംയുക്ത  പ്രക്ഷോഭം  ആരംഭിക്കുമെന്ന്‌ സിഐടിയു ഭാരവാഹികൾ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top