16 July Tuesday

മഴക്കാലപൂർവ ശുചീകരണം: ഡിവൈഎഫ്‌ഐ രംഗത്ത‌്

സ്വന്തം ലേഖകൻUpdated: Thursday May 16, 2019
തൃശൂർ
ആരോഗ്യ പരിപാലന സംരക്ഷണത്തിനായി മാലിന്യ വിമുക്ത ക്യാമ്പയിൻ എന്ന സന്ദേശവുമായി മഴക്കാല പൂർവ ശുചീകരണത്തിന് ഡിവൈഎഫ‌്ഐയും രംഗത്ത്‌. മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലാണ് ശൂചീകരണ പ്രവർത്തനം നടത്തിയത്‌. നൂറുകണക്കിന്‌ യുവാക്കൾ ശുചീകരണത്തിൽ പങ്കാളികളായി. ആശുപത്രി അങ്കണത്തിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്‌തു. ഡിവൈഎഫ്‌ഐ   ജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ്‌ ആശുപത്രി ശുചീകരിച്ചത്‌. 
 മഴക്കാലമെത്തുന്നതിന് മുമ്പുതന്നെ ശുചീകരണ പ്രവർത്തനങ്ങളും  പകർച്ചവ്യാധി  പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഡിവൈഎഫ്‌ഐ നേതൃത്വം നൽകും. കാലവർഷാരംഭത്തിന് മുന്നോടിയായി  സംസ്ഥാനത്ത് നടക്കുന്ന മഴക്കാലപൂർവ്വ  ശുചീകരണ യജ്ഞത്തിൽ  ഡിവൈഎഫ്‌ഐ സജീവമായി  പങ്കാളിയാവും. കാലവർഷം വരാനിരിക്കെ ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രമെ മഴക്കാലപൂർവ ശൂചീകരണവും പകർച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും സാധ്യമാവൂ. ‘ആരോഗ്യ ജാഗ്രത, പ്രതിദിനം പ്രതിരോധം’ എന്ന ആശയം പൂർണമായി നടപ്പിലാക്കാൻ ജനകീയ പ്രതിരോധം തീർക്കുകയാണ് സംസ്ഥാന സർക്കാർ.  ജില്ലാ വ്യാപകമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മേഖലാകമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രങ്ങളിൽ ശുചീകരണപ്രവർത്തനങ്ങൾ  നടന്നുവരികയാണ്‌. 
ശുചീകരണം ജില്ലാ പ്രസിഡന്റ‌് കെ വി രാജേഷ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന കമ്മിറ്റി അംഗം കെ ബി ജയൻ അധ്യക്ഷനായി.  ജില്ലാ ട്രഷറർ കെ കെ മുബാറക് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രസാദ് ദാസ്, കെ ആർ രൂപേഷ്, കെ ആർ റജിൽ, സന്തോഷ് എന്നിവർ സംസാരിച്ചു. ആശുപത്രി അങ്കണത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം നീക്കം ചെയ്തു.
പ്രധാന വാർത്തകൾ
 Top