25 September Saturday

ഇനി സ്വപ്‌നങ്ങൾ കാണാം, 
മുഖങ്ങളിൽ റോസാപ്പൂ വസന്തം

സി എ പ്രേമചന്ദ്രൻUpdated: Wednesday Sep 15, 2021

പട്ടയമേള: റോസിയും, അമ്മിണിയും സന്തോഷം പങ്കിടുന്നു

തൃശൂർ
തൃശൂർ ടൗൺഹാൾ.  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത സംസ്ഥാന പട്ടയമേളയിൽ ആദ്യം വിളിച്ചത്‌ പീച്ചി സ്വദേശിനി റോസിയെ.  വേദിയിലെത്തി റവന്യൂ മന്ത്രി കെ രാജനിൽനിന്ന്‌ സ്വന്തം മണ്ണിന്റെ അവകാശരേഖ  ഏറ്റുവാങ്ങിയപ്പോൾ അവർ പറഞ്ഞു  ‘‘ഇനി ഞങ്ങൾ അനാഥരല്ല.  67വർഷത്തെ കാത്തിരിപ്പിനൊടുവിൽ  ഭൂമിക്കവകാശിയായി’’. മന്ത്രി നൽകിയ റോസാപ്പൂവും കൈയിലേന്തിയ റോസയുടെ    മുഖത്തുള്ള ആഹ്ലാദം മുഖമറയ്‌ക്കപ്പുറം   റോസാപ്പൂവസന്തംപോലെ വിടർന്നു.   ‘‘ഈ സർക്കാരിന്‌ ഒരു നന്ദിയല്ല, ഒരായിരം നന്ദി’’–-  പട്ടയം ഏറ്റുവാങ്ങിയ മരോട്ടിച്ചാൽ സ്വദേശിനി  അമ്മിണി  മനസു തുറന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിവസങ്ങൾക്കകം ഭൂമിക്കവകാശികളായി മാറിയത്‌  13,534 കുടുംബങ്ങൾ.
അമയപറമ്പിൽ റോസി ചാക്കോ പതിനാറാം വയസ്സിലാണ്‌ പീച്ചി മയിലാട്ടുംപാറയിലെത്തിയത്‌.  മൂന്നുതലമുറയായി വനഭൂമി പട്ടയത്തിനായി നെട്ടോട്ടത്തിലായിരുന്നുവെന്ന്‌ റോസ പറഞ്ഞു. പഴയ കാലത്ത്‌  ഇഞ്ചിപ്പുല്ല്‌ മേഞ്ഞ വീട്ടിലായിരുന്നു   താമസിച്ചിരുന്നത്‌.  പട്ടയം കിട്ടിയാൽ വായ്‌പയെടുത്താലും വീട്‌ നന്നാക്കാമായിരുന്നു.  കഷ്ടപ്പെട്ട്‌ പണിയെടുത്താണ്‌ വീട്‌ നന്നാക്കിയത്‌. ഇത്രയും കാലം  സ്വന്തം വീട്ടിൽകഴിയുമ്പോഴും അനാഥശാലപോലെയായിരുന്നു.  എല്ലാ വോട്ടുകാലത്തും പട്ടയം തരാമെന്ന്‌ പറയും. ഇപ്പോഴാണ്‌  കൈയിൽ കിട്ടിയത്‌.   ഈ  സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും റോസ പറഞ്ഞു. 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിൽനിന്നാണ്‌   മരോട്ടിച്ചാൽ നടുവിൽത്തറ അമ്മിണി (73)  പട്ടയം ഏറ്റുവാങ്ങിയത്‌. ഭർത്താവ്‌ ചാത്തുണ്ണി (75)യും ഒപ്പമുണ്ടായി.  വർഷങ്ങളായി  മലയോരത്ത്‌  വീടുകെട്ടി താമസിക്കുകയായിരുന്നു. പട്ടയമില്ലാത്തതിനാൽ വീടിന്‌ സർക്കാർ സഹായവും  വായ്‌പകളും ലഭിച്ചിരുന്നില്ല.  വിവാഹം കഴിച്ചയച്ച പെൺമക്കളുടെ തണലിലായിരുന്നു ജീവിതം.  ഭൂമിയുടെ അവകാശം പതിച്ചുകിട്ടിയതാണ്‌ ഏറ്റവും വലിയ സന്തോഷമെന്ന്‌ പറഞ്ഞ്‌  അമ്മിണി മന്ത്രിമാരെ ആശ്ലേഷിച്ചു.
ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനിൽനിന്ന്‌ പട്ടയം  ഏറ്റുവാങ്ങിയ  ചെമ്പംകണ്ടം  പള്ളിയാരടിയിൽ ബാബു തന്റെ ഭൂമിയിൽ നിന്നും അഞ്ചുപേർക്ക്‌ മൂന്ന്‌ സെന്റ്‌ വീതം നൽകുമെന്ന്‌ പ്രഖ്യാപിച്ച്‌ നന്മയുടെ വിളക്കായി മാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top