21 July Sunday

സ്നേഹാലയത്തില്‍ ഇത്തിരി നേരം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കൊടുങ്ങല്ലൂർ
വിഷുതലേന്ന് വിരുന്നെത്തിയ അതിഥിയെ പോലെ സ്നേഹാലയം ഇന്നസെന്റിനെ സ്വീകരിച്ചു. കണിക്കൊന്ന പോലെ മനസ്സിലെന്നും നന്മകൾ പൂക്കുന്ന, കാരുണ്യത്തിന്റെ കടൽ ഹൃദയത്തിലിരമ്പുന്ന കന്യാസ‌്ത്രീകൾ ഉഷ്മള വരവേൽപ്പാണ് ഇന്നസെന്റിന് നൽകിയത്. ഞായറാഴ്‍ച ഉച്ചയോടെയാണ് മേത്തല ടികെഎസ് പുരത്തുള്ള സ്നേഹാലയ കോൺവെന്റിൽ ഇന്നസെന്റ് എത്തിയത്. 
പെയിൻ ആൻഡ‌് പാലിയേറ്റീവ് രംഗത്ത് നിറസാന്നിധ്യമായ ഇന്നസെന്റ് ആതുര സേവനരംഗത്ത് എംപിയായതിനുശേഷം വലിയ സംഭാവനകൾ നൽകിയത് ഇവർക്കറിയാം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് അനുവദിച്ചതും, മാമോഗ്രാം യൂണിറ്റ് സ്ഥാപിച്ചതുമെല്ലാം പത്രത്തിലൂടെ വായിച്ചറിഞ്ഞിരുന്നു. ആദ്യം പരിചയപ്പെട്ടത് സിസ്റ്റർ ഷോജിയാണ്. പിന്നീട് ഓരോരുത്തരെയായി ഇന്നസെന്റിന് പരിചയപ്പെടുത്തി, സിസ്റ്റർമാരായ സിൽവിയ, മേരി ആൻഡ്രിയ, സിനി, വിനീത, സ്മിലി, ലയോണി... കൂട്ടത്തിലൊരാൾ ചത്തീസ്ഗഢ്കാരിയാണ് എന്ന് സി. ഷോജി പറഞ്ഞപ്പോൾ അവരോട് ഹിന്ദിയിലായി സംസാരം. കോൺവെന്റ് നടത്തുന്ന സ്കൂളിനെക്കുറിച്ച് ചോദിച്ചു. നല്ല രീതിയിലാണ് സ്കൂളിന്റെ പ്രവർത്തനമെന്ന് അധ്യാപിക കൂടിയായ സിസ്റ്റർ ആൻഡ്രിയ പറഞ്ഞു. കോൺവെന്റിന്റെ സ്വീകരണ മുറിയിലിരുന്ന് ഓരോരുത്തരുടെയും നാട് ചോദിച്ചു. മേത്തല, കുറുമാത്തുരുത്ത്...ഇന്നസെന്റിന്റെ നർമത്തിൽ ചാലിച്ച സംസാരം എല്ലാവർക്കും ഇഷ്ടമായി. 
സ്കൂളിന് ബസ് വേണ്ടതടക്കമുള്ള കാര്യങ്ങൾ കന്യാസ്ത്രീകൾ ധരിപ്പിച്ചു. എന്താവശ്യവും തന്നോട് പറയാൻ മടിക്കേണ്ടെന്ന് ഇന്നസെന്റ് പറഞ്ഞു. വിഷു–-ഈസ്റ്റർ ആശംസകൾക്കൊപ്പം ഇന്നസെന്റിന് വിജയാശംസകളും നേർന്നാണ് കന്യാസ്ത്രീകൾ യാത്രയാക്കിയത്. 
എൽഡിഎഫ് നേതാക്കളായ കെ എസ് കൈസാബ്, എം ജി പുഷ്പാകരൻ, കൗൺസിലർ ശോഭ, ഇ എ നവാസ്, കെ എം പ്രകാശൻ, ജോൺസൻ എന്നിവരും ഇന്നസെന്റിന് ഒപ്പമുണ്ടായി.
പ്രധാന വാർത്തകൾ
 Top