22 September Tuesday

ശക്തൻ പച്ചക്കറി മാർക്കറ്റ് 15ന് ശേഷം തുറക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 

തൃശൂർ
കോവിഡ്  സമൂഹവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ട ശക്തൻ പച്ചക്കറി മാർക്കറ്റ് 15 ന് ശേഷം തുറക്കും.  മന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തിൽ ചേർന്ന വ്യാപാരി- തൊഴിലാളി പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 
മാർക്കറ്റ് കമ്മിറ്റി രൂപീകരിച്ച ശേഷം വ്യാപാരികളുടെയും തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി അധികാരികൾക്ക് സമർപ്പിക്കും. അതിന് ശേഷം നിബന്ധനകൾക്ക് വിധേയമാണ് പച്ചക്കറി മാർക്കറ്റ് തുറക്കുക. മേയർ,  കലക്ടർ, സിറ്റി കമീഷണർ, ഡിഎംഒ, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റി ഒരുക്കങ്ങൾ വിലയിരുത്തിയശേഷം മാത്രമാവും  തുറക്കുക. ആദ്യഘട്ടത്തിൽ പച്ചക്കറി മാർക്കറ്റ് മാത്രമാണ് തുറക്കുക. ഇതിന്റെ പ്രവർത്തനങ്ങളും തിരക്കും പരിശോധിച്ച് അനുകൂല സാഹചര്യമാണെങ്കിൽ വരും ദിവസങ്ങളിൽ മത്സ്യ-ഇറച്ചി മാർക്കറ്റുകളും തുറക്കും.
കർശന നിബന്ധനകളുടെയാവും മാർക്കറ്റിന്റെ പ്രവർത്തനം. കടകളുടെ എണ്ണവും തൊഴിലാളികളുടെ എണ്ണവും പരിമിതപ്പെടുത്തും. കോവിഡ് പരിശോധന കഴിഞ്ഞ് ഫലം നെഗറ്റീവ് ആയ വ്യാപാരികളേയും തൊഴിലാളികളേയും മാത്രമേ മാർക്കറ്റിലേക്ക് വരാൻ അനുവദിക്കൂ. പൊലീസ്, വ്യാപാരി -തൊഴിലാളി സംഘടനാ പ്രതിനിധികൾ, വളണ്ടിയർമാർ എന്നിവരുൾപ്പെട്ട ക്ലോസ്ഡ് വാച്ച് ഗ്രൂപ്പിന്റെ നിരീക്ഷണത്തിലാവും മാർക്കറ്റിന്റെ പ്രവർത്തനം. ഇതരസംസ്ഥാന  ചരക്ക് സാധനങ്ങൾക്ക് ചരക്കിറക്കാൻ സമയക്രമം ഏർപ്പെടുത്തും. ചെറുകിട മാർക്കറ്റുകളിലേക്കുളള പച്ചക്കറി വിതരണത്തിലും നിയന്ത്രണങ്ങളുണ്ടാവും. അനൗൺസ്‌മെന്റിന് ഏർപ്പെടുത്തും. 60 വയസ്സ് കഴിഞ്ഞവരെ മാർക്കറ്റിനകത്ത് അനുവദിക്കില്ല. തൊഴിലാളികൾക്കും വ്യാപാരികൾക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കും. ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കും.
ക്വാറന്റൈനിൽ ഇരിക്കേണ്ട ചില വ്യാപാരികൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ പോയി കച്ചവടം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വഴിയോര തട്ടുകടകൾ ആദ്യഘട്ടത്തിൽ അനുവദിക്കില്ല. ശക്തൻമാർക്കറ്റ് കേന്ദ്രീകരിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കും മാത്രമായി ആവശ്യമെങ്കിൽ പ്രത്യേക ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. 
യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, മേയർ അജിത ജയരാജൻ, സിറ്റി പൊലീസ് കമീഷണർ ആർ ആദിത്യ, ഡിഎംഒ ഡോ. കെ ജെ റീന, ഡിഎസ്ഒ ടി അയ്യപ്പദാസ്, വ്യാപാരി-തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top