26 August Monday

വളയംകെട്ട്‌ പൊളിച്ചുതുടങ്ങി: വെള്ളമിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019
വെങ്കിടങ്ങ് 
കോൾ മേഖലയിലെ   വെള്ളക്കെട്ട്‌ ഒഴിവാക്കാൻ ഏനാമാക്കൽ  താൽക്കാലിക വളയംകെട്ടുകൾ പൊട്ടിച്ചുതുടങ്ങി. കനത്ത ഒഴുക്കുള്ളതിനാൽ ഏറെ ശ്രമകരമായാണ്‌  പണി പുരോഗമിക്കുന്നത്‌. ഇടിയൻചിറയിലും വളയംകെട്ടുകൾ പൊട്ടിച്ചു.   രണ്ടു റഗുലേറ്ററിലേയും ഷട്ടർ ഉയർത്തി പരമാവധി വെള്ളം തുറന്നുവിട്ടു.  ഇതോടെ വീടുകളിൽ കയറിയ വെള്ളം ഇറങ്ങാൻ തുടങ്ങി. 
  ചൊവ്വാഴ്‌ച രാവിലെ  ഏറെ സാഹസികമായാണ്‌ വളയംകെട്ടുകൾ പൊട്ടിക്കാൻ തുടങ്ങിയത്‌.  രാവിലെത്തന്നെ   മന്ത്രി വി എസ് സുനിൽകുമാർ, മുരളി പെരുനെല്ലി എംഎൽഎ  എന്നിവർ  സ്ഥലത്തെത്തി. ശക്തമായ നീരൊഴുക്കായതിനാൽ ജെസിബി വെള്ളത്തിൽ  ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്‌.  തൊഴിലാളികളെ  ഉപയോഗിച്ചാണ്‌ പണി പുരോഗമിക്കുന്നത്‌. തൊഴിലാളികൾക്ക്‌ അപകടം ഉണ്ടാകാതിരിക്കാൻ ഫയർഫോഴ്‌സിന്റെ  റബർ ടിങ്കി, കെട്ട് വഞ്ചി, ഫയർഫോഴ്സ്, ആംബുലൻസ്, പൊലീസ് സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് ജോലികൾ നടത്തുന്നത്. 
ഏനാമാക്കലിൽ 15 ഷട്ടറുകളും നേവിയേഷൻ ലോക്കും നേരത്തെ തുറന്നിരുന്നു. എന്നാൽ  വളയംകെട്ടിന്റെ ഇരുഭാഗങ്ങൾ മാത്രമാണ് പൊട്ടിച്ചത്‌. ഇതോടെ മധ്യഭാഗത്ത് വെള്ളം ഒഴുകുന്നതിന് തടസ്സമുണ്ട്. വെള്ളം ഒഴുകിപ്പോവാത്തതിനാൽ അന്തിക്കാട്,  മണലൂർ,  വെങ്കിടങ്ങ്, ചാഴുർ, താന്ന്യം, ചേർപ്പ്, അരിമ്പൂർ, തുടങ്ങി പഞ്ചായത്തുകളിലായി നൂറുകണക്കിന്  വീടുകളിൽ വെള്ളംകയറി. എന്നിട്ടും വളയംകെട്ടുകൾ പൂർണമായി പൊട്ടിക്കുന്നതിൽ ഇറിഗേഷൻ അധികൃതർ അനാസ്ഥകാട്ടി. ഇതേത്തുടർന്ന്‌  തിങ്കളാഴ്‌ച മന്ത്രി സ്ഥലത്ത്‌ നേരിട്ടെത്തി  ഉദ്യോഗസ്ഥർക്ക്‌  കർശന നിർദേശം  നൽകുകയായിരുന്നു.  വെള്ളക്കെട്ട്‌ ഒഴിവാക്കാൻ മുരളി പെരുനെല്ലി എംഎൽഎയുടെ നേതൃത്വത്തിൽ മണലൂത്താഴം കോൾബണ്ടിലെ  സ്ലൂയിസും പൊട്ടിച്ച്‌ വെളളം ഒഴുക്കിവിട്ടിരുന്നു. 
കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമാണ്. കനോലി കനാലിലും ജലനിരപ്പ് ഉയർന്നു. വെള്ളം കരകവിഞ്ഞു. എല്ലാ കോൾ പടവുകളും ചാലുകളും നിറഞ്ഞ് കവിഞ്ഞു. ഇതിനിടെ കരുവന്നൂർ പുഴ ഹെർബർട്ട്‌ കനാലിലുടെ വഴിമാറി ഒഴുകിയതോടെ ചാഴൂർ, താന്ന്യം മേഖലകളിൽ വീടുകളിലേക്ക്‌ വെള്ളം കയറി. 
നിരവധി കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക്‌ മാറ്റേണ്ടി വന്നു. വളയം കെട്ട്  പൂർണമായും ഒഴിവാക്കുന്നതോടെ  വെള്ളക്കെട്ട്  പരമാവധി ഒഴിവാക്കാനാവും. കടലിൽ തക്കക്കേട്‌ പ്രതിഭാസമുണ്ടായതിനാൽ കരവെള്ളം  കടലിലേക്ക്‌ എടുക്കുന്നതിലുണ്ടായ കുറവും വെള്ളക്കെട്ട്‌ രൂക്ഷമാകാനിടയാക്കി.
പ്രധാന വാർത്തകൾ
 Top