27 May Wednesday

സാമൂഹ്യബോധമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ വിദ്യാലയങ്ങള്‍ക്കാവണം: ഗവര്‍ണര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2017

# വിവേകോദയം സ്കൂള്‍ ശതാബ്ദിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി ചിന്ന ടീച്ചറെ ആദരിക്കുന്നു

 

* സ്വന്തം ലേഖകന്‍
തൃശൂര്‍ > രാഷ്ട്രനിര്‍മാണപ്രകിയയില്‍ പങ്കാളികളാക്കും വിധം സാമൂഹ്യബോധവും നൈതികതയുമുള്ള തലമുറകളെ സൃഷ്ടിക്കാന്‍ വിദ്യാലയങ്ങള്‍ക്കു കഴിയണമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു. ഇതിനായി വിദ്യാര്‍ഥികളെ അവരുടെ അടിസ്ഥാന കര്‍ത്തവ്യങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും പഠിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കഴിയണം. തൃശൂര്‍  വിവേകോദയം സ്കൂളുകളുടെ ഒരു വര്‍ഷത്തെ ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഗവര്‍ണര്‍. പഠിപ്പെല്ലാം കഴിഞ്ഞ് വലിയവരായി പുറത്തു പോയാലും പൂര്‍വ വിദ്യാലയത്തെയും പഠിപ്പിച്ച അധ്യാപകരെയും മറക്കരുത്. കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള മനസ്സ് വളര്‍ത്തിയെടുക്കുക വിദ്യാഭ്യാസത്തില്‍ പ്രധാനമാണ്.
ഇന്ത്യന്‍ ജനതയുടെ 54 ശതമാനവും 25 വയസ്സില്‍ താഴെയുള്ളവരാണ്. അടുത്ത 20 വര്‍ഷത്തേക്ക് ഈ സാഹചര്യം തുടരും.  ഇവരിലൂടെയാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെടുക. യുവാക്കള്‍ക്ക് ഉന്നതിയിലേക്ക് മുന്നേറാന്‍ നിരവധി അവസരങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്താനാവണം. വിദ്യാഭ്യാസകാലത്തുണ്ടാവുന്ന സ്വഭാവരൂപീകരണം പ്രധാനപ്പെട്ടതാണ്. മാനവികതയ്ക്കും മൂല്യങ്ങള്‍ക്കും വിലകല്‍പ്പിക്കാനാവണം. അതിനാല്‍ കുട്ടികള്‍ക്ക് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ വിദ്യാലയങ്ങള്‍ക്കു കഴിയണം. 
 താനെല്ലാം അഭിഭാഷകനും ന്യായാധിപനുമെല്ലാമായപ്പോള്‍ സുപ്രീംകോടതിയുടെ ഒരു വിധിപ്പകര്‍പ്പ് കിട്ടാന്‍ ഡല്‍ഹിയില്‍ പോകേണ്ട സ്ഥിതിയായിരുന്നു. ഇപ്പോള്‍ ലാപ്ടോപില്‍ വിരലമര്‍ത്തിയാല്‍ ഏതു കേസിന്റെയും വിശദാംശങ്ങള്‍ ലഭ്യമാകും. 
സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച്  കുട്ടികളും സ്വയം ശേഷിയാര്‍ജിച്ചു വരുന്നുണ്ടെങ്കിലും അതിന്റെ ദോഷവശങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 
പ്രബുദ്ധകേരളം മാസിക എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ പ്രഭാഷണം നടത്തി. നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ അഡ്വ. സി കെ മേനോന്‍, കന്യാകുമാരി വിവേകാനന്ദ സ്മാരകം പ്രസിഡന്റ് ഡോ. ലക്ഷ്മികുമാരി എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ മാനേജര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ സ്വാഗതവും സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. കെ എം ഉണ്ണി നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ക്കുള്ള സ്കൂളിന്റെ ഉപഹാരം സമ്മാനിച്ചു. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ ചിന്നടീച്ചര്‍, മാധവന്‍നായര്‍ എന്നിവരെ ആദരിച്ചു. പൂര്‍വവിദ്യാര്‍ഥി  സി കെ മേനോന്‍ സ്കൂളിന്റെ വികസനത്തിന് ഒരു കോടി രൂപ സംഭാവന ചെയ്തു. 
 
 
പ്രധാന വാർത്തകൾ
 Top