22 February Friday
കുന്നംകുളം മണ്ഡലം

75 കോടിയുടെ നഗരവികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും: എ സി മൊയ്തീൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

  

കുന്നംകുളം
75 കോടി രൂപയുടെ നഗരവികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ. കുന്നംകുളം പ്രസ‌് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നഗര വികസനത്തിനായി നാറ്റ്പാക് തയ്യാറാക്കിയ റിപ്പോർട്ട് ലഭിച്ചാലുടൻ നിർമാണപ്രവൃത്തികൾ ആരംഭിക്കും. ബൈപാസ് റോഡ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്കും ഇതിന്റെ ഭാഗമായി കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനുമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. 26 മാസത്തിനുള്ളിൽ വിവിധ മേഖലകളിലായി വൻ വികസന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. പന്നിത്തടം പാഴിയോട്ട്മുറി റോഡ് നിർമാണം പൂർത്തിയാക്കും. അക്കിക്കാവ് എരുമപ്പെട്ടി റോഡിന്റെ നിർമാണത്തിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞു. താലൂക്ക് രൂപീകരിച്ചതിനെത്തുടർന്ന‌് പുതിയ മിനി സിവിൽ സ്റ്റേഷൻ ആരംഭിക്കുന്നതിന് കുറുക്കൻപാറ തുഞ്ചൻ കുന്നിൽ സ്ഥലം കണ്ടെത്തുന്നതിന് റവന്യൂ വകുപ്പിന്റെ പരിശോധന നടക്കുകയാണ്. പത്തുകോടി രൂപ മിനി സിവിൽ സ്റ്റേഷന്റെ നിർമാണത്തിനായി വകയിരുത്തിയിട്ടുണ്ട്. കായിക മേഖലയിൽ സംസ്ഥാനത്തിന‌് മാതൃകയാകുന്ന പദ്ധതികളുടെ നിർമാണം നടക്കുകയാണ്.
 സീനിയർ ഗ്രൗണ്ടിൽ അത്‌ലറ്റിക‌്സ‌് മത്സരങ്ങൾക്കായി ഒരുക്കുന്ന ട്രാക്ക്, കൂടാതെ ഇൻഡോർ സ്റ്റേഡിയം, ജവഹർ സ്റ്റേഡിയം, കടവല്ലൂർ, എരുമപ്പെട്ടി, വേലൂർ എന്നിവടങ്ങളിലെ സ്കൂൾ ഗ്രൗണ്ട് തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്. സീനിയർ ഗ്രൗണ്ട് സ്റ്റേഡിയം ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. കുന്നംകുളം താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയതു വഴി വിദഗ്ധഡോക്ടർമാരുടെ സേവനത്തിനൊപ്പം ജീവനക്കാരുടെ എണ്ണവും  വർധിപ്പിക്കും. പഴഞ്ഞി, എരുമപ്പെട്ടി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു.  മണ്ഡലത്തിലെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. 
കടവല്ലൂർ ഗവ. ഹയർ സെക്കൻഡറി വിദ്യാലയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ആറര കോടിയുടെ നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയാണ്. പഴഞ്ഞി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള പ്രവൃത്തികൾ ഉടൻ ആരംഭിക്കും. ടൂറിസം മേഖലയിൽ കിളിപ്പാടം പദ്ധതി ആറ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. കലശമലയിൽ കൂടുതൽ സ്ഥലം കണ്ടെത്തും. ഗുരുവായൂർ റോഡിലുള്ള ടൂറിസം ഡെസ്റ്റിനേഷൻ സെന്ററിൽ ടൂറിസം ഇൻഫർമേഷൻ സെന്റർ, കരകൗശല വികസന കോർപറേഷൻ സ്റ്റാൾ, കഫ്റ്റിരീയ, ശുചിമുറി സൗകര്യം എന്നിവ ഒരുക്കും. പാർടി ഏൽപ്പിച്ച ചുമതല എന്ന നിലയിൽ മാത്രമാണ് മന്ത്രിപദവിയെ കണ്ടിട്ടുള്ളത്. 
ഏത് വകുപ്പായാലും അഴിമതിരഹിതമായി മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്നും മൊയ്തീൻ പറഞ്ഞു. മഴക്കെടുതി ദേശീയ ദുരന്തമായി കാണണമെന്നും ദുരിതമനുഭവിക്കുന്ന സഹജീവികൾക്ക് സഹായമെത്തിക്കാൻ എല്ലാവരും ഒരേ മനസ്സോടെ രംഗത്തിറങ്ങണമെന്നും മന്ത്രി അഭ്യർഥിച്ചു. നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ, പ്രസ‌് ക്ലബ‌് സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, നിർവാഹക സമിതി അംഗം സി ഗിരീഷ‌്‌കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top