03 August Monday

കോവിഡ് കെയർ കേന്ദ്രത്തിൽ കനത്ത കാവല്‍

വെബ് ഡെസ്‌ക്‌Updated: Monday Jul 13, 2020

എൻഐഎ അറസ്‌റ്റ്‌ ചെയ്‌ത സ്വപ്‌നയെ തൃശൂർ കോവിഡ്‌ കെയർ സെന്ററിൽ കൊണ്ടുവന്നപ്പോൾ /ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

തൃശൂർ
കനത്ത സുരക്ഷാ സംവിധാനങ്ങളോടെ  സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയർ സെന്ററിൽ എത്തിച്ചു.  ബംഗളൂരുവിൽനിന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ കോടതി റിമാൻഡ് ചെയ്‌തതിനെത്തുടർന്നാണ്  സുരക്ഷാ സംവിധാനങ്ങളോടെ തൃശൂർ ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയർകേന്ദ്രത്തിലേക്ക് മാറ്റിയത്. 
സിറ്റി അസി. പൊലീസ് കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ 70 പൊലീസുകാർ കോവിഡ് കേന്ദ്രത്തിൽ സുരക്ഷയ്ക്കായി നിലയുറപ്പിച്ചിരുന്നു. രാത്രി 7.10നാണ് സ്വപ്നയെ തൃശൂരിലെ കോവിഡ് കെയർ കേന്ദ്രത്തിൽ എത്തിച്ചത്.  കോവിഡ് പരിശോധനാഫലം വരുംവരെ സ്വപ്ന ഈ കേന്ദ്രത്തിൽ റിമാൻഡിൽ കഴിയും. ഫലം നെഗറ്റീവായാൽ എറണാകുളത്തെ ജയിലിലേക്ക് മാറ്റും. പോസിറ്റീവായാൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റും. 
ബംഗളൂരുവിൽനിന്ന്  സ്വപ്നയെ വാളയാർ, പാലക്കാട്, വടക്കഞ്ചേരി, പാലിയേക്കര ടോൾ, ചാലക്കുടി, ആലുവവഴിയാണ്‌ എറണാകുളം എൻഐഎ കേന്ദ്രത്തിൽ എത്തിച്ചത്.  യാത്രക്കിടെ  സ്വപ്നയുമായി വന്ന വാഹനം വടക്കഞ്ചേരിയിൽവച്ച് പഞ്ചറായി. തുടർന്ന് മറ്റൊരു വാഹനത്തിലാണ് എറണാകുളത്ത്‌ എത്തിച്ചത്.   ആരേയും പുറത്തു കാണാൻ കഴിയാത്ത രീതിയിലാണ്  തൃശൂരിലൂടെ വാഹനം കടന്നുപോയത്.  എങ്കിലും ചില യൂത്ത് കോൺഗ്രസ്, ബിജെപിക്കാർ പ്രതിഷേധവുമായി എത്തിയിരുന്നു. അഞ്ചു പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ദേശീയ പാതയിൽനിന്ന് നടത്തറവഴി ജൂബിലി മിഷൻ ആശുപത്രിക്കുമുന്നിലൂടെയാണ്  പ്രതിയെ കോവിഡ് കെയർ സെന്ററിൽ എത്തിച്ചത്. വാഹനം കോവിഡ് കെയർ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചശേഷം സ്വപ്നയെ കാറിൽനിന്ന് ഇറക്കി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. 
ഫാത്തിമനഗറിലെ അമ്പിളിക്കല കോവിഡ് കെയർ സ്ഥാപനത്തിലേക്കുള്ള റോഡ് പൂർണമായും അടച്ചുകെട്ടിയിരുന്നു.  വാഹനത്തിൽ കനത്ത സുരക്ഷയോടെയുള്ള സ്വപ്നയുടെ വരവ് സമീപ വീടുകളുടെ ടെറസിനുമുകളിൽ നിന്ന് നാട്ടുകാർ വീക്ഷിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top