13 May Thursday

ബിജെപി കൗൺസിലർമാരുടെ അഴിമതി: വിജിലൻസിന് പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
കൊടുങ്ങല്ലൂർ 
കൊടുങ്ങല്ലൂർ നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് പരാതി. 
പുല്ലൂറ്റ് പന്തീരാംപാലയിലും  നാരായണമംഗലത്തും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഒ എൻ ജയദേവന്റെ നേതൃത്വത്തിൽ  ബിജെപി കൗൺസിലർമാർ നടത്തിയ  അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട്  സിപിഐ എം പുല്ലൂറ്റ് ലോക്കൽ കമ്മിറ്റിയാണ് വിജിലൻസിന് പരാതി നൽകിയത്.
കൊടുങ്ങല്ലൂർ നഗരസഭ പതിനഞ്ചാം വാർഡിൽ   വെള്ളക്കെട്ട് ഒഴിവാക്കാനെന്ന വ്യാജേന  12, 20,000  രൂപ ചെലവഴിച്ച് നിർമിച്ച സംരക്ഷണ ഭിത്തി   സ്വകാര്യ ചെമ്മീൻകെട്ടിന്റെ സംരക്ഷണമാണ് ഉറപ്പാക്കുന്നത്.
റോഡിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്നുള്ള വെള്ളം കയറിയാണ് വെള്ളക്കെട്ട് ഉണ്ടാകാറ്‌.   കിഴക്ക് ഭാഗത്ത് മാത്രം  വലിയ തുക ചെലവഴിച്ച്  ഭിത്തി നിർമിച്ചതിന് പിന്നിൽ സ്വകാര്യ ചെമ്മീൻകെട്ട് വ്യവസായികളിൽ  നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടാകാമെന്ന്‌‌ പരാതിയിൽ പറയുന്നു‌.   
നിർമാണം പൂർത്തീകരിച്ച് ദിവസങ്ങൾക്കകം  ചെറിയ വേലിയേറ്റത്തിൽ ഭിത്തിയുടെ അടിഭാഗത്ത് ചോർച്ചയുണ്ടായത് നിർമാണത്തിലെ  അപാകവും അഴിമതിയുമാണെന്നും‌  പറയുന്നു. 
പതിനൊന്നാം വാർഡിൽ കഴിഞ്ഞ കൗൺസിലിന്റെ സമയത്ത് പാസായി നിർമാണം ആരംഭിച്ച തെക്കേക്കുന്ന് റോഡിന്റെ  ഒരു കിലോമീറ്റർ റീ ടാറിങ്  അട്ടിമറിച്ച് പകരം 160 മീറ്ററിൽ  മാത്രമായി  ടൈൽ വിരിക്കുകയാണ് ചെയ്‌തത്‌. വെള്ളക്കെട്ട് ഒഴിവാക്കാനെന്നാണ്‌   ഇവിടെയും  ബിജെപി കൗൺസിലർ പറയുന്നത്‌. എന്നാൽ റോഡിന്റെ  ഉയരം കൂട്ടിമാത്രമേ  വെള്ളക്കെട്ടിന് പരിഹാരം കാണാനാവൂ. ജെസിബി ഉപയോഗിച്ച്  റോഡിന്റെ അടിത്തറ ഇളക്കി അതിനു മുകളിലാണ് ഇപ്പോൾ  ടൈൽ വിരിച്ചിട്ടുള്ളത്. നിർമാണത്തിലെ അശാസ്ത്രീയതയും അഴിമതിയും  കാരണം  ടൈൽ ഇളകി  അപകടം പതിവായിട്ടുണ്ട്‌‌. രണ്ട് നിർമാണ പ്രവൃത്തികളിലേയും അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്ന്  പരാതിയിൽ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top