20 July Saturday

വിയ്യൂർ ജയിലിലെ ബിരിയാണി ഇനിമുതൽ ഓൺലൈനിൽ വാങ്ങാം

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019
തൃശൂർ> വിയ്യൂർ ജയിലിലെ ബിരിയാണി സദ്യ വിപണിയിലെത്തി. ഓൺലൈൻ ഭക്ഷണവിതരണ സൈറ്റിലൂടെയാണ‌് ഫ്രിഡം കോമ്പോ ലഞ്ച‌്‌ എന്ന ബിരിയാണി ലഭിക്കുക. പദ്ധതിയുടെ ഉദ‌്ഘാടനം ഭക്ഷ്യ സുരക്ഷ അസി. കമീഷണർ ജി ജയശ്രീ നിർവഹിച്ചു. സെൻട്രൽ ജയിൽ സൂപ്രണ്ട‌് എൻ എസ‌് നിർമലാനന്ദൻ നായർ, ജോ. സൂപ്രണ്ട‌് കെ അനിൽകുമാർ, ഡെപ്യൂട്ടി സൂപ്രണ്ട‌് എം എം ഹാരീസ‌്, ഭക്ഷ്യസുരക്ഷ ഓഫീസർ രേഖ ‌എന്നിവർ സംസാരിച്ചു.
 
ബിരിയാണി സദ്യ ആരംഭിച്ച ആദ്യ ദിനത്തിൽ തയ്യാറാക്കിയ 55 ബിരിയാണി 20 മിനിറ്റിനകം ഓൺലൈനിലൂടെ വിറ്റഴിഞ്ഞു. 300 ഗ്രാം ബിരിയാണി, പൊരിച്ച ചിക്കൻ, മൂന്ന‌് ചപ്പാത്തി, ചിക്കൻ കറി, ഒരു ലിറ്റർ കുപ്പിവെള്ളം, ഒരു കപ്പ‌്കേക്ക‌്, സലാഡ‌്, അച്ചാർ, വാഴ–-നാക്കിലയും അടങ്ങുന്നതാണ‌് ബിരിയാണി കിറ്റ‌്. 127 രൂപയാണ‌് വില. കുപ്പി വെള്ളം ഒഴിവാക്കിയാൽ 10 രൂപ കുറയും.
 
ഇവയെല്ലാം സ്വീഗി ഓൺലൈൻ ആപ്പിലൂടെ വീട്ടിലെത്തും. അടുത്ത ദിവസം മുതൽ കൂടുതൽ ബിരിയാണി തയ്യാറാക്കി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ‌് ജയിലധികൃതർ. മായങ്ങളില്ലാതെ തയ്യാറാക്കിയ സുരക്ഷിത ഭക്ഷ്യ വിതരണോദ‌്ഘാടന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top