18 February Monday

മലയോരമേഖലയിലെ വിളമാറ്റം ഒഴിവാക്കണം: വി എസ് സുനില്‍കുമാര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

തൃശൂർ 

ഭൂപ്രകൃതിക്കനുസരിച്ചുള്ള കൃഷി രീതികൾക്കുപകരം മലയോര മേഖലയിൽ വിള  മാറ്റുന്ന പരീക്ഷണങ്ങൾ  ഒഴിവാക്കണമെന്ന് മന്ത്രി  വി എസ് സുനിൽകുമാർ പറഞ്ഞു. ഇത്തരം പരീക്ഷണങ്ങൾ  ഭൂമിയുടെ സന്തുലനാവസ്ഥ തകർക്കും. വൻ ദുരന്തങ്ങൾക്കും വഴിവയ്ക്കുമെന്നും മന്ത്രി പറഞ്ഞു. ജലരക്ഷ ജീവരക്ഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 287 ഇടങ്ങളിലായി 1287 ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചു. ഇതിനുകാരണം മേൽമണ്ണ് ഒലിച്ചുപോയതാണ്. ചരിഞ്ഞുകിടക്കുന്ന മണ്ണിൽ അതിനനുസരിച്ചുള്ള വിളകൾ കൃഷിയിറക്കണം. പകരം ലാഭക്കണ്ണോടെ വിളകൾ മാറ്റുന്നതാണ് അപകടം.  
കേരളത്തിൽ ഭൂഗർഭജലം താഴുകയാണ്. വരൾച്ചയുടെ ലക്ഷണങ്ങൾ കാണുന്നു. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചപോലെ മരുഭൂമിയിൽ കാണുന്ന പക്ഷികളുടെ സാന്നിധ്യം കേരളത്തിൽ കാണുന്നു. വയനാട്ടിൽ മണ്ണിരകൾ പുറത്തു വന്ന‌് ചത്തൊടുങ്ങുന്നു. ഇതെല്ലാം ദുരന്തസൂചനകളാണ്. അതിനാൽ ജലവിനിയോഗത്തിലും മണ്ണ് സംരക്ഷണത്തിലും പുതുതലമുറ ജാഗ്രതപാലിക്കണമെന്നും  മന്ത്രി പറഞ്ഞു. 
ജലസാക്ഷരതയിൽ കേരളം വളരെ പിന്നിലാണ‌്.  വൻ മഴ ലഭിച്ചിട്ടും കേരളത്തിൽ വരൾച്ചയുണ്ടാകുന്നു. ജലധൂർത്തും ജലസ്രോതസ്സുകളോടുള്ള അനാദരവുമാണ്  ഇതിനു മുഖ്യകാരണം. ഇത് പരിഹരിക്കാനാണ് സർക്കാർ വകുപ്പുകളുടേയും തദ്ദേശസ്ഥാപനങ്ങളുടേയും ബ്ലൂആർമി ജലക്ലബ്ബിന്റേയും ഏകോപനത്തിലൂടെ ജലരക്ഷ ജീവരക്ഷ പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  
പ്രധാന വാർത്തകൾ
 Top