28 September Wednesday
വിവേകോദയം സ്കൂളിൽ ഇന്നും ഗാന്ധിജിയുടെ കൈപ്പട

ആരവിന്റെ മനസ്സിലുമുയർന്നു സ്വതന്ത്ര്യ സമരാരവം

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

ആരവ്‌ മഹാത്മാഗാന്ധി കുറിപ്പുമായി

തൃശൂർ
ഒന്നാംക്ലാസുകാരൻ ആരവ്‌ രക്തന്‌ സ്വാതന്ത്ര്യ സമര ചരിത്രമൊന്നും പഠിച്ചിട്ടില്ല. പക്ഷെ ആഗസ്‌റ്റ്‌ 15 സ്വാതന്ത്ര്യദിനമാണെന്ന്‌ അറിയാം.  ഈ ദിനത്തിൽ ത്രിവർണപതാകൾ പാറിക്കുന്നതും അവന്‌ ഇഷ്ടമാണ്‌.  തൃശൂർ വിവേകോദയം സ്കൂളിൽ നിധി പോലെ സൂക്ഷിക്കുന്ന ഒരു രേഖ അധ്യാപകർ ആരവിനെ കാണിച്ചു. ഇന്ത്യൻ രാഷ്‌ട്രപിതാവ്‌  മഹാത്മാഗാന്ധി ഈ സ്കൂൾ സന്ദർശിച്ചപ്പോൾ  സ്വന്തം കൈപ്പടയിൽ എഴുതി ഒപ്പിട്ട  സന്ദേശമാണത്‌.  ചുമരിലെ ഗാന്ധിചിത്രവും കാണിച്ചു.   രാജ്യത്തിന്‌  സ്വാതന്ത്ര്യം ലഭിക്കാൻ മഹാരഥന്മാർ നടത്തിയ പോരാട്ടവും വിവരിച്ചു. അവൻ  ഗാന്ധിജി എഴുതിയ സന്ദേശം ചേർത്തുപിടിച്ച്‌ വായിക്കാൻ ശ്രമിച്ചു. പുറകിലുള്ള ഇന്ത്യയുടെ ഭൂപടത്തിലേക്കും നോക്കി.  ആരവിന്റെ മനസിൽ അറിയാതെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റ ആരവങ്ങളുയർന്നു വന്നു.   
   1927 ഒക്ടോബർ 14നാണ്‌  സ്വാതന്ത്യ സമരത്തിന്റെ സന്ദേശം പകരാനുള്ള കേരള സന്ദർശനത്തിന്റെ ഭാഗമായി  വിവേകോദയം സമാജം മാനേജുമെന്റിനു കീഴിലുള്ള  തൃശൂരിലെ സ്കൂളിൽ   ഗാന്ധിജി എത്തിയത്.  സ്വദേശി വസ്ത്രപ്രചാരണത്തിന്റെ  ഭാഗമായി സ്കൂളിൽ ചർക്കയിൽ നൂൽനൂൽക്കുന്നത്  ക്ലാസെടുത്തിരുന്നു.  ആ ക്ലാസിലേക്കാണ് ഗാന്ധിജി കയറിവന്നത്.  ഏറ്റവും കൂടുതൽ വേഗത്തിലും മികവിലും നൂൽനൂറ്റ കൊച്ചുമിടുക്കി മണക്കുളം  മല്ലികത്തമ്പുരാട്ടിയെ ഗാന്ധിജി ചേർത്തുനിർത്തി അനുഗ്രഹിച്ചു.  ചെറിയ തക്ലിയും ദേശഭക്തി ഗാനങ്ങളടങ്ങിയ പുസ്തകങ്ങളും സമ്മാനിച്ചു.  
ചർക്ക ക്ലാസിൽ പങ്കെടുത്തവരെ അഭിനന്ദിച്ചും  ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്താൻ ഏവരുടെയും  പിന്തുണ അഭ്യർഥിച്ചുമാണ്‌  ഗാന്ധിജി  സ്വന്തം കൈപ്പടയിൽ ഇംഗ്ലീഷിൽ സന്ദേശം  എഴുതി ഒപ്പിട്ടത്‌.    ഗാന്ധിജി  നൽകിയ  സമ്മാനത്തെക്കറിച്ച മരണം വരെ അമ്മ  സ്‌മരിക്കാറുള്ളതായി  മകൻ  അജിത്‌ കുമാർ രാജ പറഞ്ഞു.  മണക്കുളം  കോവിലകത്ത് നെയ്ത്തുശാലയിൽ  നെയ്തെടുത്ത  തോർത്തുകൾ മഹാത്മാഗാന്ധിക്കു സമ്മാനിച്ചതും ചരിത്രത്തിന്റെ ഭാഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top