26 September Saturday
41 ക്യാമ്പുകളിൽ 726പേർ

മഴ അൽപ്പം കുറഞ്ഞു‌; ജാഗ്രതയായി ക്യാമ്പുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020

കനത്ത മഴയിൽ വെള്ളത്തിലായ പുല്ലഴി തുരുത്ത്. തിങ്കളാഴ്ച മഴ അൽപ്പം കുറഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു തുരുത്തുനിവാസികൾ  / ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

തൃശൂർ
ജില്ലയിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ആശങ്കപ്പെടുത്തുംവിധം   മഴ പെയ്യാതിരുന്നത്  ആശ്വാസമായി. എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിൽ കടലേറ്റവും കുറഞ്ഞു.  ദുരന്ത മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിൽ 41 ക്യാമ്പുകൾ തുറന്നിട്ടുണ്ട്‌. 726 പേർ ക്യാമ്പുകളിലുണ്ട്‌. മഴ കുറഞ്ഞതോടെ ക്യാമ്പുകളിൽ കഴിഞ്ഞവർ പലരും  വീടുകളിലേക്ക്‌ മടങ്ങി.  താഴ്‌ന്ന പ്രദേശങ്ങളിൽ  വെള്ളം പൂർണമായും ഒഴിഞ്ഞിട്ടില്ല. 
 കനോലി കനാലിൽ വെള്ളം താഴ്ന്നുതുടങ്ങിയത്  തീരദേശത്ത്‌ ആശ്വാസം പകരുന്നു. എന്നാൽ കയ്പമംഗലം ചളിങ്ങാട് അമ്പലനട കിഴക്ക് 25 കുടുംബങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. ചെറു റോഡുകളിൽ ഗതാഗത തടസ്സമുണ്ട്‌.  എടത്തിരുത്തി പൈനൂർ, പല്ല, മഠത്തിക്കുളം, കോഴിത്തുമ്പ്, അയ്യംപടി കോളനി, നമ്പ്രാട്ടിച്ചിറ, കൂരിക്കുഴി സലഫി സെന്റർ, കാളമുറി കിഴക്കേ ഭാഗം, വഴിയമ്പലം കിഴക്ക് ചളിങ്ങാട് ഓർമ വളവ്, ചളിങ്ങാട് പള്ളി കിഴക്ക്  പ്രദേശങ്ങളിലും അഴീക്കോട് സൂനാമി കോളനി മുതൽ മതിലകം കൂളിമുട്ടം വരെ കടൽ ക്ഷോഭ  പ്രദേശങ്ങളിലും തിങ്കളാഴ്ച സ്ഥിതി ശാന്തമാണ്‌.  
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ  കനത്ത മഴയിൽ വെള്ളം കയറി കൊടുങ്ങല്ലൂർ, തൃശൂർ, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട്  താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്‌.  ഇവയിൽ 215 കുടുംബങ്ങൾ കഴിയുന്നു. 
287 സ്ത്രീകളും  269 പുരുഷന്മാരും  170 കുട്ടികൾ ഉൾപ്പെടെ  726 പേരാണ് ക്യാമ്പുകളിൽ. ഇവരിൽ മുതിർന്ന പൗരന്മാരായ 28 പേരും ഭിന്നശേഷിക്കാരായ രണ്ടു പേരുമുണ്ട്. അഞ്ച് ക്യാമ്പുകൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ക്വാറന്റൈനിൽ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ സജ്ജമാക്കി. നിലവിൽ 35 പേർ ഇവിടെയുണ്ട്. കോവിഡ് ലക്ഷണമുള്ളവർ ക്യാമ്പുകളിലില്ല.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top