26 September Saturday

വില്ലേജ് ഓഫീസര്‍ കൈ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 11, 2020
ഒല്ലൂർ
ലൈഫ് പദ്ധതിക്ക് വരുമാന സർട്ടിഫിക്കറ്റ്  നൽകാത്ത വിഷയം ചർച്ച ചെയ്യവേ  വില്ലേജ് ഓഫീസർ ബ്ലേഡ് കൊണ്ട് കൈ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചു. 
വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെയും  പൊലീസിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു സംഭവം. പുത്തൂർ വില്ലേജ് ഓഫീസർ സി എൻ സിമിയാണ് വില്ലേജ് ഓഫീസിൽവച്ച് കൈമുറിച്ചത്. പൊലീസ് ഇവരെ ഉടൻ  ജൂബിലി മിഷൻ ആശുപത്രിയിലാക്കി. തിങ്കളാഴ്ച പകൽ രണ്ടോടെയാണ് സംഭവം. 
ലൈഫ് പദ്ധതിക്ക് വില്ലേജ് ഓഫീസിൽനിന്ന്  വരുമാന സർട്ടിഫിക്കറ്റ്  നൽകാത്തതിനെ തുടർന്ന് ജനം വലഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും പഞ്ചായത്തംഗങ്ങളും വില്ലേജ് ഓഫീസിലെത്തി. 
വരുമാന സർട്ടിഫിക്കറ്റ് വൈകുന്നതിനെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് ചോദിച്ചപ്പോൾ  ഓൺലൈൻ സിസ്റ്റം തകരാറിലാണെന്ന് പറഞ്ഞു. എന്നാൽ മാനുവലായി സർട്ടിഫിക്കറ്റ് നൽകാൻ പ്രസിഡന്റ് നിർദേശിച്ചു. അതേ കോമ്പൗണ്ടിലെ  കൈനൂർ വില്ലേജിലും   മരത്താക്കര വില്ലേജ് ഓഫീസിലും  ലൈഫ് പദ്ധതിക്കായി  നേരിട്ട് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും പറഞ്ഞു. എന്നാൽ തനിക്ക്  അത്തരം നിർദേശമില്ലെന്ന് വില്ലേജ് ഓഫീസർ പറഞ്ഞ്‌ തട്ടിക്കയറിയതായി പ്രസിഡന്റ്‌ പറഞ്ഞു. ഇതോടെ പ്രസിഡന്റ് തഹസിൽദാരുമായും കലക്ടറുമായും ബന്ധപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ എത്തുന്നതുവരെ ഓഫീസിലിരിക്കുമെന്നും അറിയിച്ചു.   
ഇതിനിടെ ഒല്ലൂർ സിഐ ബെന്നി ജേക്കബ്ബിന്റെ നേതൃത്വത്തിൽ ഒല്ലൂർ പൊലീസ് സ്ഥലത്തെത്തി. സിഐ വില്ലേജ് ഓഫീസറോട് കാര്യങ്ങൾ തിരക്കി. ആഗസ്‌ത്‌ മൂന്നുമുതലുള്ള 185 അപേക്ഷകൾ ഓഫീസിലുണ്ടായിരുന്നു. സിഐ തഹസിൽദാരുമായി സംസാരിച്ച് ഫോൺ വില്ലേജ് ഓഫീസർക്ക് കൈമാറി.  
രോഷാകുലയായ ഓഫീസർ താൻ മരിക്കുകയാണെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന ബ്ലേഡെടുത്ത് കൈമുറിക്കുകയായിരുന്നു. ബഹളംവച്ച്  സ്റ്റോർറൂമിലേക്കും ഓടിക്കയറി. 
പൊലീസ് ഇത്‌ തടഞ്ഞ്‌  ജീപ്പിൽകയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വില്ലേജ് ഓഫീസറെ തലപ്പിള്ളി താലൂക്കിലെ എരനെല്ലൂരിലേക്ക് സ്ഥലംമാറ്റി നിലവിൽ ഓർഡർ ഇറങ്ങിയിട്ടുണ്ട്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top