23 January Wednesday
മുഖ്യമന്ത്രി നിർവഹിക്കും

ഔഷധി പഞ്ചകര്‍മ ആശുപത്രി ഗവേഷണ കെട്ടിടോദ്ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jan 11, 2019

ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ഔഷധി പഞ്ചകർമ ആശുപത്രി ഗവേഷണകേന്ദ്രം

തൃശൂർ
ഔഷധിയുടെ പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഔഷധി ചെയർമാൻ ഡോ. കെ ആർ വിശ്വംഭരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാമവർമ ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ ശനിയാഴ്ച പകൽ മൂന്നിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി കെ കെ ശൈലജ അധ്യക്ഷയാകും. മന്ത്രിമാരായ ഇ പി ജയരാജൻ, എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ എന്നിവർ പങ്കെടുക്കും. 
കുട്ടനെല്ലൂരിലെ ഔഷധ സസ്യ വ്യാപനകേന്ദ്രം ഉദ്ഘാടനവും ശനിയാഴ‌്ച വൈകിട്ട് നടക്കും. വൈകിട്ട് 5.30ന് കുട്ടനെല്ലൂർ ഔഷധി ഫാക്ടറി കോമ്പൗണ്ടിൽ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകും. ചികിത്സ തേടുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളുടെ അപര്യാപ്തതമൂലമാണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടം പണിതത്. ആദ്യഘട്ടത്തിൽ 1965 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 50 കിടക്കകളോടെ മൂന്നുനില കെട്ടിടമാണ് പണി തീർത്തത്. ആധുനിക സൗകര്യങ്ങളോടെ 24 മുറികളും 12 പഞ്ചകർമ തിയറ്ററും സജ്ജീകരിച്ചിട്ടുണ്ട്. എട്ടുകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. 
കൂടുതൽ വിപുലമാക്കാനുള്ള പദ്ധതികളും ഔഷധി ലക്ഷ്യമിടുന്നുണ്ട്. വാർത്താ സമ്മേളനത്തിൽ ഔഷധി മാനേജിങ് ഡയറക്ടർ കെ വി ഉത്തമൻ, എ എസ് കുട്ടി, വി ഭൂഷൺ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top