കൊടുങ്ങല്ലൂർ
അപകടമുനമ്പിൽനിന്ന് വിലപ്പെട്ട ജീവനുകളെ കരകയറ്റാൻ കടലിന്റെ മക്കൾ ഒരുങ്ങി. കുത്തിയൊലിക്കുന്ന പ്രളയജലത്തിൽനിന്ന് ജീവിതങ്ങളെ തിരിച്ചുപിടിച്ച അനുഭവക്കരുത്തോടെ വീണ്ടും ജീവൻരക്ഷാപ്രവർത്തനം നടത്താൻ അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ ഒരുങ്ങിക്കഴിഞ്ഞു. ഇടുക്കിയിലെ ഉരുൾപൊട്ടലും മരണങ്ങളും മണ്ണിനടിയിൽപെട്ട മനുഷ്യരുടെ രോദനവുമെല്ലാം ഇവരെ ജാഗ്രവത്താക്കുന്നു.
മുമ്പുണ്ടായ പ്രളയത്തിൽ കേരളം തരിച്ചുനിന്നപ്പോൾ മത്സ്യതൊഴിലാളികളടക്കം ഇരുനൂറിലേറെ പേരാണ് 27 വള്ളങ്ങളിലും അഞ്ച് കുട്ടവഞ്ചികളിലുമായി പത്ത് അതിഥി തൊഴിലാളികളോടൊപ്പം രക്ഷാപ്രവർത്തനത്തിന് കുതിച്ചത്. ദിവസങ്ങൾ നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ ആയിരങ്ങൾക്ക് പുതുജീവനേകിയായിരുന്നു മടക്കം. അഴീക്കോട് തീരദേശ സ്റ്റേഷനിലെ പൊലീസുകാരും ഫിഷറീസ് ഉദ്യോഗസ്ഥരും എല്ലാ സഹായവും നൽകി. എറണാകുളം, തൃശൂർ ജില്ലകളിൽനിന്നായി അന്ന് രക്ഷപ്പെടുത്തിയത് 12,773 പേരെയാണ്. 2019ലെ കവളപ്പാറ ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താൻ ടീം ക്യാപ്റ്റൻ ഹാരീസിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം നാലു ദിവസം രക്ഷാപ്രവർത്തനം നടത്തി. കടലോര ജാഗ്രതാസമിതി അംഗങ്ങളും സജീവമായുണ്ടായിരുന്നു.
ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്നാണ് ഇവരുടെ ആഗ്രഹം. ഇനി ദുരന്തം ഉണ്ടായാൽ ഒരുനിമിഷം പോലും പാഴാക്കാത "ജാഗ്രത അഴീക്കോട്’ രക്ഷാക്ഷാപ്രവർത്തനത്തിനിറങ്ങും. പ്രളയകാലത്തും കവളപ്പാറ ദുരന്തത്തിലും ജീവനുവേണ്ടിയുള്ള മനുഷ്യരുടെ രോദനം കേട്ടവരാണിവർ. അതിനാൽ സ്വന്തം ജീവൻ ബലിനൽകിയും സഹോദരങ്ങളുടെ ജീവൻ രക്ഷിക്കുമെന്നാണ് ഇവരുടെ പ്രതിജ്ഞ.
കോവിഡ് ഉൾപ്പെടെ ഏത് ദുരന്തത്തിലും സഹായത്തിനായി പരിശീലനം ലഭിച്ച 25 പേരുടെ സംഘമുണ്ടാകും. കോസ്റ്റൽ പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സഹായവുമുണ്ട്. മുനവറുൽ ഇസ്ലാം ട്രസ്റ്റിന്റെ ആംബുലൻസും ഫിഷിങ്ങ് കമ്പനികളുടെ വലിയ വണ്ടികളും സഹായിക്കും.
പ്രളയക്കെടുതിയുണ്ടായാൽ പഞ്ചായത്തിന്റെയും റവന്യുഡിപ്പാർട്ടുമെന്റിന്റെയും നിർദേശമനുസരിച്ച് ഏത് പ്രദേശത്ത് നിന്നും ഒരു മണിക്കുറിനകം ആളുകളെ മാറ്റാൻ കഴിയും തരം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്തിനും തയ്യാറായി 190 പേർ ജാഗ്രതാ അഴീക്കോടിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹായത്തിനായി വിളിക്കേണ്ട നമ്പർ: അഷറഫ് പുവത്തിങ്കൽ–-9995785753, ഹാരിസ് പള്ളിപ്പറമ്പിൽ–-9946232342, സിദ്ധിക്ക് ചാലിൽ–- 9048959620.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..