05 August Wednesday

ക്ലിനിക്കിൽ ഡോക്ടർ; വീട്ടിൽ കർഷകൻ

കെ വി ഹരീന്ദ്രൻUpdated: Friday Jul 10, 2020
കൊടകര 
പഠിച്ചത് ദന്ത ഡോക്ടറാകാൻ.  കർമവും അതുതന്നെ. ജില്ലയിൽ ഐഎസ്ഒ അംഗീകാരമുള്ള വളരെ കുറച്ചു ഡന്റൽ ക്ലിനിക്കുകളിൽ ഒന്നിന്റെ ഉടമ. പക്ഷേ, താൽപ്പര്യം കൃഷിയോടാണ്‌.  മാളയിൽ  കാൽ നൂറ്റാണ്ടിലേറെയായി  ക്ലിനിക്ക് നടത്തുന്ന  ഡോ. ടെനിസൺ ചാക്കോയുടെ ആലത്തൂരുള്ള വീട്ടിൽ എത്തിയാൽ കർഷകഭവനമെന്നേ തൊന്നു.    അച്ഛൻ ചാക്കോ കൊച്ചി ഷിപ്‌യാർഡ്‌ തൊഴിലാളിയും   സിഐടിയു തൊഴിലാളി യൂണിയൻ സെക്രട്ടറിയുമായിരുന്നു. വീട്ടിൽ ഈ തൊഴിലാളിയും കർഷകനായി മാറും.   
ആനന്ദപുരത്തെ കുടുംബവീടും  ആറ്‌ ഏക്കറും കൂടാതെ പാറേക്കാട്ടുകരയിൽ നാലേക്കറാണ് ടെനിസന്റെ കൈവശമുള്ളത്. ആറേക്കർ  ജാതി,  കവുങ്ങ്,  വിവിധയിനം പഴവർഗങ്ങൾ,  നേന്ത്രവാഴ,  ടിഷ്യു കൾച്ചർ ചെങ്ങാലിക്കോടൻ വാഴ, പൂവൻ വാഴ,  അഞ്ഞൂറിലേറെ കദളി  വാഴ തുടങ്ങിയവയാൽ സമൃദ്ധം.  വീട്ടു വളപ്പിലുള്ള ജാതിമരങ്ങൾ നല്ല രീതിയിൽ കമ്പ് കോതൽ നടത്തി,  അത് വഴി ലഭിച്ച ഇടങ്ങളിൽ 300   മാങ്കോസ്റ്റിൻ,  30   റംബൂട്ടാൻ, കിലോക്ക് 1800 രൂപ വിലയുള്ള ദുരിയൻ ഫ്രൂട്ട്സ് മരങ്ങൾ,  നോനി ഫ്രൂട്ട് മരങ്ങൾ,  ജമൈക്കൻ സ്റ്റാർ ആപ്പിൾ എന്നിവയുമുണ്ട്.  ജൈവ കൃഷി രീതിയാണ് അവലംബം. 
പാറേക്കാട്ടുകരയിലുള്ള നാലേക്കറിൽ എത്തിയാൽ കേരളം വിട്ട്  മറ്റേതോ സംസ്ഥാനത്ത് എത്തിയ പ്രതീതിയാണ്.  ബഡ്  ചെയ്ത 400  വിവിധ ഇനങ്ങളിൽപ്പെട്ട പ്ലാവിൻ തൈകളാണ് ഇവിടെ.  കടപ്ലാവ്‌,  റംബൂട്ടാൻ,  മാങ്കോസ്റ്റിൻ,  ചെറുനാരകം,  നെല്ലിക്ക,  ചാമ്പക്ക,  മാവ്,  കുടപ്പുളി എന്നിവ വേറെ.   മറ്റത്തൂർ ലേബർ സഹകരണ സംഘവുമായി സഹകരിച്ച് കുറുന്തോട്ടി കൃഷിയും ആരംഭിച്ചു. കോവിഡ്മൂലം കദളിപ്പഴത്തിന്‌ ആവശ്യക്കാരില്ലാതായി.  നേന്ത്രക്കായക്ക്  കിട്ടുന്നത് കിലോക്ക് ശരാശരി 20 മുതൽ 25 രൂപവരെ മാത്രം. എങ്കിലും  അധ്വാനഫലങ്ങൾ കാണുമ്പോൾ കിട്ടുന്ന തൃപ്തിക്ക്‌ വിലയിടാനാവില്ല ഈ ഡോക്ടർക്ക്‌.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top