തൃശൂർ
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ചുമതലയേൽക്കൽ ചടങ്ങ് ഒരു വിഭാഗം ബഹിഷ്കരിച്ചു. എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് വിട്ടുനിന്നത്. എ ഗ്രൂപ്പിലെ അഞ്ച് ബ്ലോക്ക് പ്രസിഡന്റുമാർ ചുമതലയേൽക്കലിന് എത്തിയില്ല.
ഡിസിസി ഓഫീസിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു പരിപാടി. എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളായ പി എ മാധവൻ, ഒ അബ്ദുറഹിമാൻകുട്ടി, കെ പി വിശ്വനാഥൻ അടക്കമുള്ള നേതാക്കളും ഐ ഗ്രൂപ്പിലെ ജോസഫ് ചാലിശേരി, എ പ്രസാദ്, സുന്ദരൻ കുന്നത്തുള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഒ ജെ ജനീഷ് അടക്കമുള്ളവരും പരിപാടിയിൽ പങ്കെടുത്തില്ല.
എന്നാൽ, പുതിയ എ ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത് എന്നിവരും ടി വി ചന്ദ്രമോഹൻ അടക്കം ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പങ്കെടുത്തു. ഏഴ് ബ്ലോക്ക് കമ്മിറ്റികളാണ് എ ഗ്രൂപ്പിന് ലഭിച്ചിരുന്നത്. അതിൽ വള്ളത്തോൾ നഗർ, പാവറട്ടി ബ്ലോക്ക് പ്രസിഡന്റുമാർ ചുമതലയേൽക്കലിൽ പങ്കെടുത്തു. പരിയാരം, എറിയാട്, ഇരിങ്ങാലക്കുട, വടക്കേക്കാട്, കുന്നംകുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരാണ് എത്താതിരുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരെ ഷാളണിയിച്ച് സ്വീകരിച്ചു. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെച്ചൊല്ലി ചേലക്കരയിലും വടക്കാഞ്ചേരിയിലും ചേർപ്പിലും പ്രതിഷേധം പടരുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..