19 November Tuesday

വള്ളത്തോൾ ജയന്തിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019
ചെറുതുരുത്തി
വള്ളത്തോൾ കവിതകൾ കോർത്തിണക്കിയ നൃത്തശിൽപ്പത്തിന്റെ നിറച്ചാർത്തിൽ കലാമണ്ഡലം വാർഷികത്തിനും വള്ളത്തോൾ ജയന്തിയാഘോഷത്തിനും തുടക്കം. വള്ളത്തോളിന്റെ ദണ്ഡകാരുണ്യം, അച്ഛനും മകളും, നാഗില എന്നീ  കാവ്യങ്ങളാണ് നൃത്തരൂപത്തിൽ അരങ്ങിലെത്തിയത്‌. 
വാർഷികത്തിന്റെ ഭാഗമായി  മണക്കുളം മുകുന്ദരാജ അനുസ്മരണവും വിദ്യാർഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ  നിർവഹിച്ചു. മുകുന്ദരാജ  സ്മാരകപുരസ്കാരം  ഡോ. പി വേണുഗോപാലിന്   സമ്മാനിച്ചു.  ഭരണസമിതിയംഗം ഡോ. എൻ ആർ ഗ്രാമപ്രകാശ് അധ്യക്ഷനായി.  
മലയാളം സർവകലാശാലാ വൈസ്ചാൻസലർ   ഡോ. അനിൽ വള്ളത്തോൾ  എഡിറ്റ് ചെയ്ത  ‘വള്ളത്തോളിന്റെ സഞ്ചാരപഥങ്ങൾ'   വി സി  പ്രകാശനം ചെയ്തു. ഡോ. എൻ ആർ ഗ്രാമപ്രകാശ് ഏറ്റുവാങ്ങി.  മുകുന്ദരാജ അനുസ്മരണ പ്രഭാഷണം ഡോ. പി വേണുഗോപാൽ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ടി കെ വാസു, ഡോ. എൻ കെ ഗീത, കലാമണ്ഡലം പ്രഭാകരൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി  എന്നിവർ സംസാരിച്ചു. രജിസ്ട്രാർ ഡോ. ആർ കെ ജയപ്രകാശ് സ്വാഗതവും നിളക്യാമ്പസ് ഡയറക്ടർ ഡോ. വി കെ വിജയൻ നന്ദിയും പറഞ്ഞു.
കലാമണ്ഡലം ബലരാമൻ, കലാനിലയം ഉദയൻ നമ്പൂതിരി എന്നിവരാണ് തായമ്പക അവതരിപ്പിച്ചത്. ചേർത്തല മനോജ് ശശി,   തിരുവാർപ്പ് ഗണേശൻ, ബി ശ്രീകുമാർ, മാവേലിക്കര കൃഷ്ണകുമാർ എന്നിവർ നാഗസ്വരക്കച്ചേരി അവതരിപ്പിച്ചു.  വള്ളത്തോളിന്റെ കവിതകൾ മോഹിനിയാട്ടമായി അവതരിപ്പിച്ചു.  കലാമണ്ഡലം പത്മിനി, കലാമണ്ഡലം ഭാഗേശ്വരി എന്നിവർ സംവിധാന സഹായികളായി. 
കലാമണ്ഡലം പ്രഭാകരൻ  ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു. ഷഫീഖുദീനും ഷബാന ഷഫീഖുദീനും ഭരതനാട്യം അവതരിപ്പിച്ചു.  കലാമണ്ഡലം തോരണയുദ്ധം ഒന്നാംദിവസം കൂടിയാട്ടം അരങ്ങേറി. 
ശനിയാഴ്ച പകൽ രണ്ടിന് വാർഷികസമ്മേളനവും ഫെലോഷിപ്–അവാർഡ് വിതരണവും വള്ളത്തോൾ അനുസ്മരണവും നടക്കും. മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും.  
പ്രധാന വാർത്തകൾ
 Top