25 July Sunday

ആ കത്തിന്‌ ലീഡ്‌വിനയ്ക്ക്‌ പരമോന്നത അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 9, 2021

ലീഡ്‌വിന

 
തൃശൂർ 
സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസിൻെറ  കയ്യൊപ്പോടുകൂടിയ ഭരണഘടനയുടെ കോപ്പി ഏറ്റുവാങ്ങിയപ്പോൾ ലീഡ്‌വിനയുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. കോവിഡ്‌ മാഹാമാരിയിൽ സുപ്രീംകോടതിയുടെ ഇടപെടലിനെ അഭിനന്ദിച്ച്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്‌  രണ്ടാഴ്‌ച മുമ്പ്‌ കത്തയച്ചപ്പോൾ തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ ഈ അഞ്ചാം ക്ലാസുകാരി ഇങ്ങിനെയാരു പ്രതികരണം  പ്രതീക്ഷിച്ചതല്ല. തളിക്കുളത്ത്‌ പോസ്‌റ്റ്‌ മാസ്‌റ്ററായ  തൃശൂർ പുല്ലഴി കുറ്റിക്കാട്‌  ജോസഫ്‌ കെ  ഫ്രാൻസിസിന്റെയും തൃശൂർ സേക്രഡ് ഹാർട്ട്‌ സ്‌കൂൾ അധ്യാപിക  ബിൻസിയുടെയും മൂന്ന്‌ മക്കളിൽ ഇളയവളാണ്‌ ലീഡ്‌വിന. 
 ഡൽഹിയിലും മറ്റും നിരവധി പേർ ഓക്‌സിജൻ ലഭിക്കാതെ മരിക്കുന്ന വാർത്തകൾ ലീഡ്‌വിനയെ അസ്വസ്ഥയാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഇടപെടൽ   വാർത്തകളിലൂടെ അറിഞ്ഞ ലീഡ്‌വിന നീതിപീഠത്തെ അഭിനന്ദിച്ച്‌ കത്ത്‌  അയക്കുകയായിരുന്നു. സുപ്രീംകോടതി ഫലപ്രദമായി ഇടപെടുന്നത്‌  പത്രങ്ങളിൽ നിന്നും മനസ്സിലാക്കിയതായി കത്തിൽ പറഞ്ഞിരുന്നു.  ‘നിരവധി ജീവനുകൾ രക്ഷിക്കാൻ‌  ഓക്‌സിജൻ വിതരണം ചെയ്യുന്നതിന്‌ ഉത്തരവിട്ട‌ കോടതി നടപടിയിൽ എനിക്ക്‌ അതിയായ സന്തോഷവും അഭിമാനവും ഉണ്ട്‌.  രാജ്യത്തെ മരണ നിരക്ക്‌ കുറക്കുന്നതിനും  കോടതി മുൻകൈ എടുത്തതായി മനസ്സിലാക്കി.  ഇതിന്‌ ഞാൻ അങ്ങേക്ക്‌ പ്രത്യേകം നന്ദി പറയുന്നു.  ഇപ്പോൾ എനിക്ക്‌ വലിയ അഭിമാനവും സന്തോഷവും തോന്നുന്നു’ ലീഡ്‌വിന കത്തിൽ പറഞ്ഞു. ചീഫ്‌ ജസ്‌റ്റീസ്‌ ഇരിക്കുന്ന കോടതിയുടെ  ഒരു രേഖാചിത്രവും കത്തിനോടൊപ്പം  വച്ചു‌. 
രാജ്യത്ത്‌ നടക്കുന്ന സംഭവങ്ങളെയും  വാർത്തകളെയും ലീഡ്‌വിന സൂക്ഷ്‌മമായി നീരിക്ഷിച്ചുകാണുന്നതിൽ താൻ സന്തുഷ്‌ടനാണെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണ ലീഡ്‌വിനക്ക്‌ അയച്ച മറുപടിയിൽ പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമകാര്യങ്ങളിൽ കാണിക്കുന്ന ഉൽ‌ക്കണ്‌ഠ എന്നിൽ വലിയ മതിപ്പുണ്ടാക്കുന്നു–- ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു. 
 ഇസബൻ ജോസഫ്‌, കാതറിൻ ജോസഫ്‌ എന്നിവരാണ്‌  ലീഡ്‌വീനയുടെ സഹോദരിമാർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top