24 September Thursday
ഓൺലൈൻ അവലോകനയോഗം

വെള്ളക്കെട്ട് നിർമാർജനത്തിന് എമർജൻസി സ്‌ക്വാഡുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
തൃശൂർ
നഗരത്തിലെയും സമീപ മേഖലകളിലേയും വെള്ളപ്പൊക്ക കെടുതികൾ കൈകാര്യം ചെയ്യുന്നതിന്‌ എമർജൻസി സ്‌ക്വാഡുകൾ രൂപീകരിച്ചതായി മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ശക്തമായ മഴ തുടരുന്നതിനാൽ സ്ഥിതി വിലയിരുത്തുന്നതിന്‌ ചേർന്ന ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പങ്കെടുത്തു. 
തൃശൂർ താലൂക്കിന്റെ കിഴക്കൻ മേഖല കേന്ദ്രീകരിച്ചും പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചുമാണ്‌ എമർജൻസി സ്‌ക്വാഡുകൾ രൂപീകരിച്ചത്‌. പാടശേഖരങ്ങളിൽ പരമാവധി വെള്ളം സംഭരിക്കുന്നതിന് സ്ലൂയിസുകൾ പൂർണമായും തുറന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്‌ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ (വാട്ടർ മാനേജ്മെന്റ്) നേതൃത്വത്തിൽ ഒരു സ്‌ക്വാഡ് രൂപീകരിക്കാനും തീരുമാനിച്ചു. തോടുകളും നീർച്ചാലുകളും നേരത്തെ ശുചീകരിച്ചിരുന്നു. ഇനിയും അടിഞ്ഞുകൂടിയിരിക്കുന്ന ചണ്ടി, കുളവാഴ, റെഗുലേറ്ററുകളുടെ ഷട്ടറുകളിൽ അടിഞ്ഞിട്ടുള്ള മരങ്ങൾ, മറ്റ് തടസ്സങ്ങൾ മുതലായവ എമർജൻസി സ്‌ക്വാഡുകൾ നീക്കും.
ഏനാമാക്കൽ, ഇടിയഞ്ചിറ, ഇല്ലിക്കൽ, മുനയം തുടങ്ങി മേഖലയിലെ എല്ലാ റെഗുലേറ്ററുകളുടേയും ഷട്ടറുകൾ ഉയർത്തി. താൽക്കാാലിക വളയംകെട്ടുകളും നീക്കി. ചേറ്റുവ അഴിമുഖത്തെ മണ്ണ് നീക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. ഡാമുകളിൽ വന്ന്‌ നിറയുന്ന മരങ്ങൾ പുറത്തേക്ക് മാറ്റാനുള്ള ക്രെയിനും മറ്റും സജ്ജമാക്കണമെന്ന് മന്ത്രി പ്രൊഫ. സി  രവീന്ദ്രനാഥ് നിർദേശിച്ചു. റെഗലേറ്ററുകളിൽ മരങ്ങൾ വന്നടിയാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു.
 ഗവ. ചീഫ് ‌വിപ്‌ അഡ്വ. കെ രാജൻ, മുരളി പെരുന്നെല്ലി എംഎൽഎ, മേയർ അജിത ജയരാജൻ, കലക്ടർ എസ് ഷാനവാസ് എന്നിവരും ഉദ്യോഗസ്ഥരും കോൾ മേഖലയിലെ കർഷക പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top