തൃശൂർ
ഗോത്രവർഗക്കാരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരവും കരുതലുമേകി സംസ്ഥാന പട്ടികജാതി–-ഗോത്ര വർഗ കമീഷൻ അദാലത്ത്. മൂന്ന് ബെഞ്ചുകളിലായി നടന്ന അദാലത്തിൽ പട്ടയ പ്രശ്നങ്ങൾ, ഭൂമി അവകാശത്തർക്കങ്ങൾ, വിവിധ പൊലീസ് കേസുകൾ, തൊഴിലിടത്തെ അതിക്രമം, ജാതിയധിക്ഷേപം, വിദ്യാഭ്യാസ ആനുകൂല്യ പ്രശ്നങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങൾക്ക് പരിഹാരം കണ്ടു. രണ്ടു ദിനങ്ങളിലായി 131 പരാതിക്ക് തീർപ്പ് കൽപ്പിച്ചു. 185 പരാതിയാണ് കമീഷൻ പരിഗണിച്ചത്. രണ്ടാം ദിനത്തിൽ 90 പരാതി പരിഗണിച്ചതിൽ 71 ഉം പരിഹരിച്ചു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരാതിപരിഹാര അദാലത്ത് നടന്നത്. വർഷങ്ങളായി ആനുകൂല്യങ്ങൾ ലഭിക്കാത്ത വിവിധ കേസുകളിൽ അദാലത്ത് വഴി പരിഹാരം കാണാൻ കഴിഞ്ഞെന്ന് കമീഷൻ ചെയർമാൻ ബി എസ് മാവോജി പറഞ്ഞു. ഭൂമികൈയേറ്റം സംബന്ധിച്ച നാല് പരാതികളിൽ കമീഷൻ നേരിട്ട് സ്ഥലം സന്ദർശിക്കാനും തീരുമാനമായി. മെമ്പർമാരായ എസ് അജയകുമാർ, അഡ്വ. സൗമ്യ സോമൻ എന്നിവരും അദാലത്തിൽ പങ്കെടുത്തു.
പരാതി അദാലത്തിൽ ബന്ധപ്പെട്ട പൊലീസ് ഓഫീസർമാർ, റവന്യു വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, പട്ടികജാതി–- വർഗവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..