03 February Friday
നവ്യാനുഭവമായി ചിത്രരചനാ മത്സരം

കുഞ്ഞുവരകളില്‍ വേറിട്ട ഭാവങ്ങള്‍കുഞ്ഞുവരകളില്‍ വേറിട്ട ഭാവങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടന്ന 
ജില്ലാതല പെൻസിൽ ഡ്രോയിങ്‌ മത്സരം

തൃശൂർ
സ്ത്രീ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും വേറിട്ടഭാവങ്ങൾ  കുഞ്ഞുവരകളിൽ വിരിഞ്ഞു. ജില്ലാ വനിത–-ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടന്ന ജില്ലാതല പെൻസിൽ ഡ്രോയിങ്‌ മത്സരമാണ് വരകളിലൂടെ നവ്യാനുഭവം തീർത്തത്. "സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഐസിഡിഎസ് തലത്തിൽനിന്ന് തെരഞ്ഞെടുത്ത വിദ്യാർഥികളാണ് ഭാഗമായത്. 
സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയും സമൂഹത്തിൽനിന്ന് സ്ത്രീകൾക്ക് ലഭിക്കേണ്ട പിന്തുണയും വരയിലൂടെ അവതരിപ്പിച്ച ഒല്ലൂർ വിഎസ്എംഎം ജിവിഎച്ച്എസ്എസിലെ എ എൻ നിരഞ്ജൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  അമ്മാടം സെന്റ്. ആന്റണി എച്ച്എസ്എസിലെ സി എസ് ശ്രീതു  രണ്ടാം സ്ഥാനവും എടവിലങ്ങ് ജിഎച്ച്എസ്എസിലെ ശ്രേയ കെ സുരേഷ്‌ മൂന്നാം സ്ഥാനവും നേടി. പൊതുഇടങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, വിവിധ മേഖലകളിലുള്ള സ്ത്രീ പ്രാതിനിധ്യം തുടങ്ങി വേറിട്ട പല ആശയങ്ങളും വരകളായി. ചിത്രകാരി പ്രതീക്ഷ സുബിൻ, കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് പി സിന്ധു എന്നിവരായിരുന്നു വിധികർത്താക്കൾ.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വനിത–-ശിശുവികസന വകുപ്പ് നേതൃത്വം നൽകുന്നതാണ് ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ. ഐക്യരാഷ്ട്രസഭയുടെ "ഓറഞ്ച് ദി വേൾഡ്' തീം അടിസ്ഥാനമാക്കിയാണ് വനിത ശിശുവികസന വകുപ്പ് പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്. 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികളാണ് ജില്ലയിൽ നടന്നുവരുന്നത്.  10 വരെ നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top