11 August Thursday
മണിചെയിൻ തട്ടിപ്പുകൾക്ക്‌ പുതിയ രൂപം, ഭാവം

പണ ‘പിരമിഡി’ൽ കയറുന്നവർ തലകുത്തി വീഴുന്നു

സ്വന്തം ലേഖകൻUpdated: Tuesday Jul 5, 2022
തൃശൂർ
വീണ്ടും മണിചെയിൻ തട്ടിപ്പുകൾ. പുതിയ രൂപം, പുതിയ ഭാവം. മൾട്ടി ലെവൽ മാർക്കറ്റിങ്‌, പിരമിഡ് സ്ട്രക്ചർ, ചെയിൻ മാർക്കറ്റിങ്‌ തുടങ്ങി തട്ടിപ്പുകാർ ഉപയോഗിച്ചിരുന്ന പരമ്പരാഗത പേരുകൾ മറച്ചുവച്ച്, ഇൻഫർമേഷൻ ടെക്നോളജി, ഓർഗാനിക് കൃഷി,  ടൂറിസം, ഹോസ്പിറ്റാലിറ്റി, ആരോഗ്യസേവനം തുടങ്ങിയവയാണ്  തട്ടിപ്പുകാർ നൽകുന്ന പേരുകൾ.  മണിചെയിൻ തട്ടിപ്പുകളിലൂടെ നിരവധി  ആളുകൾ കബളിക്കപ്പെടുന്നതായും  പണം നഷ്ടമാകുന്നതായും പരാതികൾ ലഭിക്കുന്നതായും ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ്‌ അറിയിപ്പ്‌. തട്ടിപ്പുകമ്പനികൾ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്നും രജിസ്ട്രേഷനും സംഘടിപ്പിക്കും.  നിക്ഷേപകരെ ആകർഷിക്കുവാൻ ആധുനിക ഓഫീസ്, പലതരം ചിത്രങ്ങളും വീഡിയോയും ഉൾക്കൊള്ളുന്ന വെബ്സൈറ്റ് തുടങ്ങിയവ  സജ്ജമാക്കും. എന്നാൽ,  രജിസ്റ്റർ ചെയ്ത ഇടപാടുകൾ ആയിരിക്കില്ല നടത്തുന്നത്.  ഇടപാടുകാരെ ആകർഷിക്കാൻ വൻ ഹോട്ടലുകളിലും  ആഡംബര റിസോർട്ടുകളിലുമാണ്‌  യോഗങ്ങൾ വിളിക്കുന്നത്.    നല്ല വിദ്യാഭ്യാസമുള്ളവരും   മികച്ച കുടുംബാന്തരീക്ഷമുള്ളവരും ഇരകളാവുന്നു. അവർ മുഖാന്തരം ബന്ധുക്കളും  സുഹൃത്തുക്കളും ഇരയാവും.  
 പണം നിക്ഷേപിച്ചാൽ ലഭിക്കുന്ന വരുമാനരീതികളെക്കുറിച്ച് വീഡിയോകളും ചിത്രങ്ങളും പ്രദർശിപ്പിക്കും.  കമ്പനിയിൽനിന്ന്‌ ലഭിച്ച വരുമാനം ഉപയോഗിച്ച് പണിതുയർത്തിയെന്ന പേരിൽ ആഡംബര വീടും  മുന്തിയ ഇനം കാറുകളും കാണിച്ച്‌ അതിവേഗത്തിൽ പണക്കാരാകാം എന്ന  ധാരണ സൃഷ്ടിക്കും. മണിചെയിൻ ബിസിനസുകളിൽ ആദ്യം പണം നിക്ഷേപിക്കുന്ന ഏതാനുംപേർക്ക്‌ വലിയ തുക ആദായമായി കൊടുക്കും. മറ്റുള്ളവരെ ആകർഷിക്കുന്നതിനുവേണ്ടിയാണിത്‌. എന്നാൽ, ഭൂരിഭാഗംപേർക്കും പണം ലഭിക്കുന്നില്ല. നിരവധിപേർ സിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്‌.  നാണക്കേട് ഭയന്ന് പരാതി നൽകുന്നതിന് വിമുഖത കാണിക്കുന്നവരുമുണ്ട്‌.  ഇത്തരം  സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാലുടൻ  പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകണമെന്ന്‌ പൊലീസ്‌ അറിയിച്ചു. മണിചെയിൻ ബിസിനസുകളിൽ പണം സ്വീകരിക്കുന്നത് 1978ലെ പ്രൈസ് ചിട്ട്  ആൻഡ്‌  മണി സർക്കുലേഷൻ നിയമപ്രകാരം കുറ്റകരമാണെന്ന് റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊലീസ്‌ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top