23 September Wednesday

വൈശാഖിനും തുമ്പി‌ക്കും കൂടൊരുങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തുമ്പിക്കും വിട്ടുകാർക്കും വീടും സ്ഥലവും നൽകാൻ തീരുമാനിച്ച വിവരമറിയിക്കാൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി സി ശ്രീദേവി എത്തിയപ്പോൾ

മണലൂർ
ഗുരുവായൂരിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന അമ്മയ്‌ക്കും മകനും വീടൊരുങ്ങുന്നു. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിലൂടെ റവന്യൂവകുപ്പും മണലൂർ പഞ്ചായത്തും ഇവർക്ക്‌ താൽക്കാലിക താമസസൗകര്യം ഒരുക്കിയിരുന്നു. നാലുവർഷത്തിന് ശേഷം അന്തിക്കാട് ബ്ലോക്ക് പഞ്ചായത്താണ്‌ ഈ കുടുംബത്തിന്റെ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം ഒരുക്കുന്നത്‌.
 കാരമുക്ക് സ്വദേശി വടക്കേടത്ത്‌ രാജേശ്വരിക്കും മകൻ വൈശാഖിനും അവിണിശേരി പഞ്ചായത്തിലെ തുമ്പി എന്ന നിവേദ്യക്കുമാണ് ഭൂമിയും വീടും ഒരുങ്ങുന്നത്. ചാഴൂർ പഞ്ചായത്തിൽ ബ്ലോക്കിന്റെ പത്ത് സെന്റ്‌ ഭൂമിയിൽനിന്നും മൂന്ന് സെന്റ്‌ വീതം സ്ഥലമാണ് ഈ കുടുംബങ്ങൾക്ക്‌ നൽകുന്നതെന്ന് ബ്ലോക്ക് പ്രസിഡന്റ്‌ പി സി ശ്രീദേവി വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കലക്ടർ ഷാനവാസിന്റെ ഇടപെടലിനെ തുടർന്ന് സൗജന്യമായി വീട്‌ നിർമിച്ചു നൽകാൻ തൃശൂരിലെ മജ്‌ലിസ് ചാരിറ്റബിൾ ട്രസ്റ്റ് രംഗത്ത് വന്നു. 2016 ജൂൺ 12നാണ്‌ ഗുരുവായൂരിൽ തെരുവുവിളക്കിന്‌ താഴെയിരുന്ന് പഠിക്കുന്ന വൈശാഖിന്റെ ചിത്രം മാധ്യമങ്ങളിൽ വാർത്തയായത്‌‌. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെട്ടതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്‌ ഇവർക്ക്‌ താമസിക്കാനുള്ള സൗകര്യം ഒരുക്കി.
രാജേശ്വരിയുടെ അമ്മയുടെ കുടുംബസ്വത്തുമായി ബന്ധപ്പെട്ട്‌ സാങ്കേതിക കാരണങ്ങളാൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തിന് പറ്റിയില്ല. മറ്റ് വീടുകളിൽ പണി ചെയ്‌താണ്‌ രാജേശ്വരി മകൻ വൈശാഖിനെ സംരക്ഷിക്കുന്നത്. സമാന സാഹചര്യത്തിലാണ്‌ അവിണിശേരി പഞ്ചായത്തിലെ തുമ്പി എന്ന നിവേദ്യയും.  പെരിഞ്ചേരി എയുപിഎസിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്. അച്ചമ്മ ശാന്ത, അച്ചാച്ചൻ രാജൻ എന്നിവരോടൊപ്പമാണ് താമസം. അച്ഛൻ ബൈജു ആത്മഹത്യ ചെയ്യുകയും അമ്മ മറ്റൊരാളോടൊപ്പം പോവുകയും ചെയ്‌തു. 40 വർഷമായി പുറമ്പോക്കിലാണ് താമസം. അവിണിശേരി പഞ്ചായത്തിൽ വീടിനായി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഈ കുടുംബത്തിനും കൂടി കരുതലിന്റെ കൈകൾ നീട്ടുകയാണെന്നും പ്രസിഡന്റ്‌ പറഞ്ഞു. ക്ഷേമകാര്യ ചെയർമാൻ കെ എൽ ജോസ്, ബ്ലോക്ക്‌ അംഗം പി വി സിജുലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top