06 December Friday

ഭിന്നശേഷിക്കാർക്ക്‌ മുക്കാല്‍ കോടിയുടെ സ്ഥലം കൊടുത്ത നന്മമനസ്സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

 

പുന്നയൂർക്കുളം
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായി മുക്കാൽ കോടിയുടെ   സ്ഥലം സൗജന്യമായി നൽകി  ഹബീബ് റഹ്മാൻ നന്മയുടെ പ്രകാശതാരമായി.  ബഡ്സ് സ്കൂളിനായാണ്‌ പുന്നയൂർക്കുളം പഞ്ചായത്തിലെ കൊച്ചന്നൂർ ഉക്കയിൽ വീട്ടിൽ ഹബീബ് റഹ്മാൻ തന്റെ സമ്പാദ്യമായ 25.5 സെന്റ്‌   ഭൂമി പഞ്ചായത്തിന് സൗജന്യമായി നൽകിയത്.  പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപിനോട് തനിക്ക് സ്വന്തമായ സ്ഥലം ഏതെങ്കിലും നല്ലകാര്യത്തിന് നൽകാൻ തയ്യാറാണെന്ന്‌ ഹബീബ് റഹ്മാൻ പറഞ്ഞിരുന്നു.   നിരാശ്രയരോ പരാധീനരോ ആയവർക്ക്  ഉപകാരപ്പെടുന്ന  സ്ഥാപനത്തിനായി സ്ഥലം ഉപയോ​ഗിക്കണം എന്നുമാത്രമായിരുന്നു നിബന്ധന. അങ്ങനെയാണ്‌  വിഭിന്നശേഷിക്കാരായ  കുഞ്ഞുങ്ങൾക്ക് ശാസ്ത്രീയ വിദ്യാഭ്യാസം നൽകുന്നതിനായി   ചമ്മന്നൂരിൽ  ബഡ്സ് സ്കൂൾ തുടങ്ങാൻ പഞ്ചായത്ത്‌ സന്നദ്ധത അറിയിച്ചത്‌. 
എസ് പി എം എൻ ആർഎം  പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചെലവിലാണ്‌ മാനസികവും ശാരീരകവുമായി വെല്ലുവിളി നേരിടുന്ന  കുഞ്ഞുങ്ങൾക്ക് പരിചരണവും സഹായവും ലഭ്യമാക്കുന്ന ബഡ്സ് സ്കൂൾ വിഭാവനം ചെയ്തിരിക്കുന്നത്.
കുട്ടികൾക്കൊപ്പം കുടുംബാംഗങ്ങൾക്കും  അമ്മമാർക്കും  മാനസിക കരുത്ത്‌ പകരുംവിധം സ്കൂൾ സജ്ജീകരിക്കാനാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സർക്കാർ അംഗീകാരത്തേടെ കുടുംബശ്രീ ജില്ലാ മിഷന്റെ സഹകരണത്തോടെയാവും ബഡ്സ് സ്കൂൾ പ്രവർത്തിക്കുക.    ചൊവ്വാഴ്ച  വൈകിട്ട്‌ നാലിന്‌ കെ വി അബ്ദുൾഖാദർ എംഎൽഎ നിർമാണത്തിന്‌   തുടക്കം കുറിക്കും. സ്ഥലത്തിന്റെ രേഖ   ഹബീബ് റഹ്മാൻ  രജിസ്റ്റർ ചെയ്തു നൽകും.
പ്രധാന വാർത്തകൾ
 Top