07 August Friday

ഹൃദയരേഖയാകാൻ അഴീക്കോട് -–- മുനമ്പം പാലം

പി വി ബിമൽ കുമാർUpdated: Thursday Jul 2, 2020

അഴീക്കോട്‐ മുനമ്പം പാലം നിർമിക്കുന്ന അഴീക്കോട് കായൽ

കൊടുങ്ങല്ലൂർ

കിഫ്ബിയിൽ നിന്ന് 140 കോടി സർക്കാർ അനുവദിച്ചതോടെ തീരവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട്-മുനമ്പം പാലം യാഥാർഥ്യത്തിലേക്ക്.
 തെക്കൻ ജില്ലകളിൽനിന്ന് വൈപ്പിൻകര വഴി ഗതാഗത കുരുക്കുകളില്ലാതെ  വടക്കൻ കേരളത്തിലേക്കുള്ള യാത്ര ഇതോടെ സുഗമമാകും. മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.
പാലത്തിന് 2011ലാണ് തറക്കല്ലിട്ടത്.  നിർദിഷ്ട തുറമുഖ പ്രദേശത്തു നിർമിക്കുന്ന പാലത്തിന്റെ ഉയരം 12.5 മീറ്ററാണ്.  900 മീറ്റർ നീളത്തിലും 16.5 മീറ്റർ വീതിയിലുമാണ് പാലം. അടിയിലൂടെ കപ്പലുകൾക്ക് സുഗമമായി യാത്ര ചെയ്യാവുന്ന ഉയരത്തിലാവും നിർമാണം. നിർമാണത്തിന് ഇൻലാന്റ് നാവിഗേഷൻ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പിന്നീട് പാലത്തിന്റെ അനുബന്ധ റോഡിനായി സ്ഥലം ഏറ്റെടുക്കാൻ 6.49 കോടിയും മുനമ്പം ഭാഗത്ത് 8.13 കോടിയും അനുവദിച്ചു. സാമൂഹിക പ്രത്യാഘാത പഠനം വിലയിരുത്തൽ റിപ്പോർട്ടിന് വേണ്ടിയുള്ള ഹിയറിംഗ് കളമശേരി
രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ നടത്തി.  പരിസ്ഥിതി ആഘാതപഠനം പൂർത്തിയായതിന്റെ അടിസ്ഥാനത്തിൽ സ്ഥലവും വീടും നഷ്ടപ്പെടുന്ന മുഴുവൻ പേരെയും പങ്കെടുപ്പിച്ചായിരുന്നു ഹിയറിങ്.   22 ഭൂവുടമകളുടെ വീടും സ്ഥലവുമാണ് സർക്കാർ റോഡ് നിർമാണത്തിനായി ഏറ്റെടുക്കുക. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രോച്ച് റോഡിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കൽ നടക്കുക.
2019 ഡിസംബറിൽ  സാമൂഹ്യ പ്രത്യാഘാത റിപ്പോർട്ട് വിലയിരുത്തുന്ന ഏഴംഗ സമിതി പദ്ധതി പ്രദേശം സന്ദർശിച്ച് ഭൂവുടമകളുമായി ചർച്ച നടത്തി. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top