12 July Sunday

കാട്ടിലുണ്ടൊരു ഓൺലൈന്‍ ക്ലാസ്‌മേറ്റ്സ്

സി എ പ്രേമചന്ദ്രൻUpdated: Tuesday Jun 2, 2020

പൂവന്‍ചിറ മലയന്‍ കോളനിയിലെ ഷില്‍നേഷ്, ലക്ഷ്മിപ്രിയ എന്നിവര്‍ വിക്ടേഴ്സ് ചാനലില്‍ ക്ലാസ് വീക്ഷിക്കുന്നു

തൃശൂർ

വനമേഖലയോട് ചേർന്ന പൂവൻചിറ ട്രൈബൽ ഗവ. എൽപി സ്കൂളിലെ ഈ രണ്ടാംക്ലാസുകാർ ഓൺലൈൻ ക്ലാസ്‌മേറ്റ്സാണ്. ഒന്നാംക്ലാസിൽ ഇവർ ഒന്നിച്ചായിരുന്നു പഠനം. സ്കൂളിലേക്ക് പോവുന്നതും വരുന്നതും ഒന്നിച്ചായിരുന്നു. രണ്ടാംക്ലാസിലെത്തിയപ്പോൾ ഈ വർഷം സ്കൂൾ തുറന്നില്ല. 
പക്ഷേ, ഷിൽനേഷും ലക്ഷ്മിപ്രിയയും ഓൺലൈൻ ക്ലാസിൽ ഒന്നിച്ചാണ് പഠനം. ഷിൽനേഷിന്റെ വീട്ടിലിരുന്ന്‌ ഇരുവരും വിക്ടേഴ്സ് ചാനലിലെ ക്ലാസിൽ പങ്കാളികളായി.
പൂവൻചിറ മലയൻ കോളനിയിലെ ഷാജുവിന്റെയും രാജിയുടെയും മകനാണ് ഷിൽനേഷ്.  അതേ കോളനിയിലെ സുഭാഷിന്റെ സുചിത്രയുടെയും മകളാണ് ലക്ഷ്മിപ്രിയ. 
തിങ്കളാഴ്ച രാവിലെ മുതൽ ഇവർ ടിവിയിൽ  ക്ലാസിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഉച്ചയായതോടെ ഭക്ഷണംപോലും മറന്ന്‌ കൂട്ടുകാർ ടിവിക്ക് മുന്നിൽ ഇരിപ്പായി. 
കാർട്ടൂൺ ചിത്രങ്ങളുമായി ജഗുവും താരയും എന്ന ആദ്യപാഠഭാഗം കണ്ടതോടെ ഇരുവർക്കും സന്തോഷമായി. ആനപ്പുറത്തിരുന്ന് താര നാടുചുറ്റുന്നതും മഴ വരുന്നതുമെല്ലാം കണ്ടു. മഴ വന്നതോടെ കുടയെക്കുറിച്ചായി ചർച്ച. പിന്നീട് ടീച്ചറെത്തി കുട വരയ്‌ക്കാൻ പഠിപ്പിച്ചു. ടീച്ചർ പറഞ്ഞപ്രകാരം മഞ്ഞനിറം കൊടുക്കാനായില്ലെങ്കിലും  സ്ലേറ്റിൽ കുട വരച്ചതായി ഷിൽനേഷ് പറഞ്ഞു. മഴപ്പാട്ടും പാടി. പിന്നീട് പുഴയിൽ വെള്ളം കയറിയപ്പോൾ വഞ്ചിയെത്തി. 
ടീച്ചർ കാണിച്ചുതന്ന ക്രമപ്രകാരം  വഞ്ചിയുണ്ടാക്കിയതായി ലക്ഷ്മിപ്രിയ പറഞ്ഞു. അരമണിക്കൂർ സംപ്രേഷണം കഴിഞ്ഞിട്ടും ഇവർ വിക്ടേഴ്സ് ചാനലിൽ അടുത്ത ക്ലാസുകാരുടെയും ക്ലാസ് കണ്ടിരുന്നു.
പീച്ചി ഉൾവനത്തിൽ പാത്രക്കണ്ടം കൈതക്കൽ ഉറവിൽ താമസിക്കുന്ന പാലമൂട്ടിൽ ശശിയുടെ മകൻ ശരണും വീട്ടിലിരുന്ന് ക്ലാസിൽ  പങ്കാളിയായി. കണക്ക് ക്ലാസ്  ഹൃദ്യമായതായി ഒമ്പതാംക്ലാസുകാരൻ  ശരൺ പറഞ്ഞു. 
ഒളകര, പാത്രക്കണ്ടം പ്രദേശത്തുള്ള കുട്ടികൾ  വനമേഖലയിലൂടെ സഞ്ചരിച്ച് പാലക്കാട് ജില്ലയിലെ പന്തലാംപാടത്തുള്ള സ്കൂളിലേക്കാണ് പോവുന്നത്. കാട്ടാനയിറങ്ങുന്നതിനാൽ സ്കൂളിലേക്ക് പോകുന്നതും വരുന്നതും ജീവൻപണയംവച്ചാണ്. ഓൺലൈൻ ക്ലാസായതോടെ ആ പേടിയില്ല. 
പതിറ്റാണ്ടുകളായി വൈദ്യുതി എത്താത്ത പാത്രക്കണ്ടത്ത്   എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് വെളിച്ചമെത്തിച്ചത്. ഇതോടെയാണ് ടിവി കാണാനായതെന്നും ശരൺ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top