20 April Tuesday

ചേർത്തുപിടിച്ചു സർക്കാർ; 
കൈയടിച്ച് പ്രവാസികള്‍

അനസ് യാസിന്‍Updated: Tuesday Mar 2, 2021

 

 
മനാമ
പ്രവാസികൾക്ക് കേരളത്തിലെ വിമാനത്താവളങ്ങളിൽ ആർടി-പിസിആർ പരിശോധന സൗജന്യമാക്കിയ എൽഡിഎഫ് സർക്കാർ നടപടി സ്വാ​ഗതംചെയ്ത് പ്രവാസി മലയാളികള്‍. 22 മുതലാണ് കേന്ദ്ര സർക്കാർ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയത്. ഇന്ത്യയിലെത്തുമ്പോള്‍ സ്വന്തം നിലയിൽ പണം മുടക്കി പരിശോധന നടത്തണമെന്ന നിര്‍ദേശം നീതീകരിക്കാനാകില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കേന്ദ്രം മുഖം തിരിച്ചപ്പോൾ ബുദ്ധിമുട്ട് മനസ്സിലാക്കി കേരള സർക്കാർ ഇടപെടുകയായിരുന്നു. 
ജോലി നഷ്ടപ്പെട്ടവർക്കും സാധാരണക്കാർക്കും കുടുംബവുമായി നാട്ടിലെത്തുന്നവർക്കുമാണ് പുതിയ കേന്ദ്രനിബന്ധന പ്രയാസം സൃഷ്ടിച്ചത്. നേരിട്ട് വിമാനമില്ലാത്തതിനാൽ സൗദിയിലേക്കും കുവൈത്തിലേക്കും പോകാൻ യുഎഇയിൽ എത്തിയ നിരവധി മലയാളികളുണ്ട്. വിമാന വിലക്ക് കാരണം ആ രാജ്യങ്ങളിലേക്ക് പോകാനാകാതെ അവർ നാട്ടിലേക്ക്‌ മടങ്ങാനുള്ള ഒരുക്കത്തിലാണ്. സർക്കാർ തീരുമാനം ഇവർക്ക് ആശ്വാസമായി.
പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ നടപടിയെ മസ്‌കത്ത്‌ കൈരളി, കലാ കുവൈത്ത്, അബുദാബി ശക്തി തിയറ്റേഴ്‌സ്, ഓർമ ദുബായ്, ജിദ്ദ നവോദയ, റിയാദ് കേളി, ദമാം നവോദയ, ബഹ്‌റൈൻ പ്രതിഭ, ഐഎംസിസി, ഒഎൻസിപി, ഐസിഎഫ് നാഷണൽ കമ്മിറ്റി തുടങ്ങിയ സംഘടനകൾ സ്വാഗതം ചെയ്തു. 
പ്രവാസികളെ ചേർത്തുപിടിക്കുന്ന തീരുമാനമാണിതെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ പ്രതികരിച്ചു. കേന്ദ്രം മുഖം തിരിച്ചപ്പോൾ എൽഡിഎഫ് സർക്കാർ പ്രവാസികൾക്കൊപ്പം നിലകൊണ്ടതായി പ്രവാസി ക്ഷേമനിധി ബോർഡ് അംഗം പി എം ജാബിര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ലോക കേരള സഭാ അംഗങ്ങളും തീരുമാനം സ്വാഗതം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top