20 September Friday
ട്രോളിങ്‌ നിരോധനം കഴിഞ്ഞു

ആർപ്പുവിളികളുമായി അവരിറങ്ങി ‘കടലിന്റെ കനിവിനായി’

പി വി ബിമൽകുമാർUpdated: Thursday Aug 1, 2019

ട്രോളിങ്‌ നിരോധനം അവസാനിച്ചതോടെ കടലിലേക്ക്‌ പോകാൻ അഴീക്കോട്‌ മുനന്പം കടപ്പുറത്ത്‌ നങ്കൂരമിട്ട ബോട്ടുകൾ

കൊടുങ്ങല്ലൂർ
ആഹ്ലാദാരവങ്ങളോടെ അഴിമുഖം മുറിച്ചുകടന്ന്‌ മീൻപിടിത്തബോട്ടുകൾ കടലിലേക്ക്‌ യാത്രയായി. 52 ദിവസത്തെ ട്രോളിങ്‌ നിരോധനം കഴിഞ്ഞ്‌ ബുധനാഴ്‌ച അർധരാത്രിയോടെയാണ്‌ മത്സ്യബന്ധനത്തിനായിബോട്ടുകൾ കടലിലിറങ്ങിയത്‌. ഏറെ പ്രതീക്ഷയോടെയാണ്‌ പെയിന്റടിച്ച്‌ അറ്റകുറ്റപ്പണി തീർത്ത ബോട്ടുകൾ കടലിലിറങ്ങിയത്‌. 
അഴീക്കോട്‌, ചേറ്റുവ, മുനമ്പം ഹാർബറുകളിൽ നിന്നും നൂറുകണക്കിന്‌ ബോട്ടുകളാണ്‌ കടലിലേക്ക്‌ നല്ലമീൻകൊയ്‌ത്തും കാത്തിറങ്ങുന്നത്‌. കണവയും കിളിമീനും, അയലയും, ചെമ്മീനും കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയാണിവർക്ക്‌. 
ട്രോളിങ്‌ സമയത്ത്‌ വഞ്ചിക്കാർക്ക്‌ നല്ലപോലെ പൂവാലൻ ചെമ്മീൻ ലഭിച്ചതിനാൽ ചെമ്മീൻകൊയ്‌ത്തിനുള്ള നല്ലസാധ്യതയുണ്ടെന്നാണ്‌ കരുതുന്നത്‌. ബോട്ടുകളിലെ ജീവനക്കാരിൽ 90ശതമാനവും ഇതരസംസ്ഥാനക്കാരാണ്‌. അവരെല്ലാം തിരികെയെത്തി. 
ബുധനാഴ്‌ച രാവിലെ മുതൽ ബോട്ടുകളിൽ ഇന്ധനവും, ഐസും നിറയ്‌ക്കുന്ന തിരക്കിലായിരുന്നു. ഡീസലിന്റെ ചെറിയ വിലവർധനപോലുംബോട്ടുകാർക്ക്‌ താങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ്‌. സുനാമിയും, ഓഖിചുഴലിക്കാറ്റും കടൽക്ഷോഭവും, പാരിസ്ഥിതിക പ്രശ്‌നങ്ങളുമെല്ലാം മത്സ്യസമ്പത്തിൽ വൻ കുറവുവരുത്തിയിട്ടുണ്ടെങ്കിലും ട്രോളിങ്‌ നിരോധനം 52 ദിവസമായി വർധിപ്പിച്ചതിനാൽ കടലിൽ മീൻ പെരുകുമെന്ന വിശ്വാസമാണ്‌ ഓരോബോട്ടിലേയും  മത്സ്യതൊഴിലാളികൾക്ക്‌. 
ഒരുബോട്ട്‌ മത്സ്യബന്ധനത്തിനായി കടലിൽപോയി വരുന്നതിന്‌ മുന്നുലക്ഷം രൂപ ചെലവ്‌ വരും. നന്നായി മത്സ്യംലഭിച്ചാൽ മാത്രമേ   പിടിച്ച്‌നിൽക്കാൻ സാധിക്കൂ. 
നിരോധനകാലത്ത്‌ ബോട്ടുകളുടെയും  വലകളുടെയും അറ്റകുറ്റപ്പണി നടത്തുന്ന തിരക്കിലായിരുന്നു. 
ജൂൺ ഒമ്പതിനാണ്‌ സംസ്ഥാനത്ത്‌ട്രോളിങ്‌ നിരോധിച്ചത്‌. അടഞ്ഞുകിടന്ന ഹാർബറുകൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തനക്ഷമമായി. 
അർധരാത്രിയോടെ ആർപ്പുവിളികളോടെയാണ്‌  മത്സ്യതൊഴിലാളികൾ പുത്തൻ പ്രതീക്ഷയോടെ കടലിലേക്ക്‌ യാത്രയായത്‌.
പ്രധാന വാർത്തകൾ
 Top