09 July Thursday

കൊറോണക്കാലത്ത് വിദ്യാർഥികളെ വലച്ച് കലിക്കറ്റ് യൂണിവേഴ്സിറ്റി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
ഇരിങ്ങാലക്കുട
കലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിദ്യാർഥികളെ കിലോമീറ്ററുകളോളം യാത്ര ചെയ്യിക്കുന്നതായി പരാതി. അവസാന വർഷ ബിരുദ വിദ്യാർഥികളുടെ പ്രോജക്ട്‌ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനാണ് ആയിരക്കണക്കിന് വിദ്യാർഥികളെ ആശങ്കയിലാക്കിയത്. തിങ്കളാഴ്ച മുതലാണ് പ്രോജക്ട്‌ സമർപ്പിക്കേണ്ടത്. പതിവിനു വിപരീതമായി വിദ്യാർഥികൾക്ക് ഉപകാരപ്രദമാകും എന്നു പറഞ്ഞാണ് തെരഞ്ഞെടുത്ത ചില പാരലൽ കോളേജടക്കമുള്ള കേന്ദ്രങ്ങളിൽ പ്രോജക്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അശാസ്ത്രീയവും കുട്ടികളെ ദുരിതത്തിലാക്കുന്നതുമായ തീരുമാനമാണിത്. ഇരിങ്ങാലക്കുട സെന്ററായി അപേക്ഷിച്ചവരോട് 70 കിലോമീറ്റർ ദൂരെയുള്ള വടക്കേക്കാട് സെന്ററിലാണ് പ്രോജക്ട്‌ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുഗതാഗതം പോലും പൂർണമായി ലഭ്യമാകാത്ത സാഹചര്യത്തിൽ അവിടെ പോയിവരാൻ 140 കിലോമീറ്റർ സഞ്ചരിക്കണം. മറ്റു സ്ഥലങ്ങളിൽ അപേക്ഷിച്ചവർക്കും ഇതേ അവസ്ഥയുണ്ട്. യുക്തിയും കൂടിയാലോചനകളും ഇല്ലാതെയുള്ള തീരുമാനങ്ങൾ വിദ്യാർഥികൾക്കും സമൂഹത്തിനും അപകടകരമാണെന്ന് ജില്ലാ പാരലൽ കോളേജ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പ്രധാന വാർത്തകൾ
 Top