30 March Thursday

മേൽക്കൂരയിൽ ചോർച്ച; 
2.55 ലക്ഷം നഷ്ടം നൽകണം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തൃശൂർ

മേൽക്കൂര മേഞ്ഞ ഷീറ്റുകൾ തകരാറിലായതിനെ തുടർന്ന്‌ അങ്കമാലി സൗത്തിലെ ഗേയ്ലോർഡ് മെറ്റൽസ് ഉടമയും എറണാകുളം  ഡെക്കാൻ മെറ്റൽസ് പ്രൊഫൈൽസ് കമ്പനിയും നഷ്ടപരിഹാരം നൽകാൻ കോടതി വിധി. കൊരട്ടി ചിറങ്ങര വെണ്ണൂക്കാരൻ വി വി പോളി നൽകിയ പരാതിയെത്തുടർന്നാണ്‌ 2.50 ലക്ഷം രൂപയും, ഒമ്പതു ശതമാനം പലിശയും, ചെലവിലേക്ക്‌ 5000 രൂപയും നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചത്‌. മേൽക്കൂര മേയാൻ പോളി 1.80 ലക്ഷം രൂപക്കാണ് ജിഐ ഷീറ്റുകളും അനുബന്ധ ഉല്പന്നങ്ങളും വാങ്ങിയത്‌. ഷീറ്റിന്റെ ഒരുവശം മുഴുനീളത്തിൽ മടക്കുള്ള അവസ്ഥയിലായിരുന്നു. ഇതുമൂലം ഷീറ്റുകൾ തമ്മിൽ വിടവുള്ളതും മഴവെള്ളം വീഴുന്ന അവസ്ഥയിലുമായിരുന്നു. സംഭവത്തെ ക്കുറിച്ച്‌ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ്‌ കോടതിയിൽ പരാതി നൽകിയത്‌. 
കോടതി നിയോഗിച്ച വിദഗ്‌ധ കമീഷണർ പരിശോധന നടത്തി തകരാറുകൾ ശരിവച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ്‌  സി ടി സാബു, മെമ്പർമാരായ എസ്‌ ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതിയാണ്‌ പരാതിക്കാരന് നഷ്ടം നൽകാൻ വിധിച്ചത്‌. ഹർജിക്കാരന് വേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top