24 October Sunday
കാട്ടാക്കട- നെടുമങ്ങാട് താലൂക്കുകാര്‍ക്ക് ഇത് സ്വപ്നസാഫല്യം

കൂവക്കുടി പാലം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 31, 2017
തിരുവനന്തപുരം > അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂവക്കുടി പാലം മന്ത്രി ജി സുധാകരന്‍  ഉദ്ഘാടനംചെയ്തു. ഇതോടെ വീതി കുറഞ്ഞ പഴയ പാലത്തിലൂടെയുള്ള ഗതാഗതപ്രശ്നങ്ങളുടെ കുരുക്കഴിയും. രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാനാകാത്തത്ര വീതി കുറഞ്ഞതായിരുന്നു പഴയ പാലം. പുതിയ പാലം തുറന്നതോടെ കാട്ടാക്കട, നെടുമങ്ങാട് താലൂക്കിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് സഫലമായത്.
 
സമീപകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ മനോഹരമായ പാലമാണിതെന്ന് മന്ത്രി ജി സുധാകരന്‍  പറഞ്ഞു. നടപ്പാതയും അപ്രോച്ച് റോഡും ഉപയോഗിച്ച പെയിന്റും മനോഹരമായിരിക്കുന്നു. ഓരോ നിര്‍മിതിയും ഓരോ കലാരൂപമാണ്. കലാസൃഷ്ടികളെപ്പോലെ മനോഹരമായിരിക്കണം പാലങ്ങളും റോഡുകളുമെല്ലാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിര്‍മാണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും സാങ്കേതിക ഭരണാനുമതികള്‍ക്ക്  രണ്ടു മാസത്തില്‍ കൂടുതല്‍ സമയം എടുക്കരുതെന്നും മന്ത്രി പറഞ്ഞു. അരുവിക്കര ഡാമിനു സമീപമുള്ള പാലത്തിനു സമാന്തരമായി പുതിയ പാലം പണിയുന്ന കാര്യം പരിഗണിക്കും. അതിനായി കൃത്യമായ രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
 
പത്തു കോടി രൂപ ചെലവില്‍ നിര്‍മിച്ച കൂവക്കുടി പാലത്തിന് 100 മീറ്റര്‍ നീളവും 11.05 മീറ്റര്‍ വീതിയുമുണ്ട്. രണ്ടു വശങ്ങളിലായി 300 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും നിര്‍മിച്ചിട്ടുണ്ട്. കൂവക്കുടിയിലെ പഴയ പാലത്തിന് കാലപ്പഴക്കവും വീതി കുറവും  ആയതോടെയാണ് സമാന്തരമായി പുതിയ പാലം നിര്‍മിച്ചത്.
കെ എസ് ശബരീനാഥന്‍ എംഎല്‍എ അധ്യക്ഷനായി.  വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ഐ മിനി, ജില്ലാ പഞ്ചായത്തംഗം എല്‍ പി മായാദേവി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ജ്യോതിഷ് കുമാര്‍, ഒ എസ് പ്രീത, പഞ്ചായത്ത് അംഗങ്ങളായ ശാലിനി, എസ് സജിത, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ എം എന്‍ ജീവരാജ്, സൂപ്രണ്ടിങ് എന്‍ജിനിയര്‍ ഇ ജി വിശ്വപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top