02 June Tuesday

അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കാട്ടാക്കട/നെടുമങ്ങാട്‌

കുറ്റിച്ചലും പനവൂരും അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം. ഇവർക്ക്‌ ഭക്ഷണവും താമസസൗകര്യവുമില്ലെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ സംഘപരിവാറിന്റെ വ്യാജപ്രചാരണം. കുറ്റിച്ചൽ പഞ്ചായത്തിലെ മുക്കോട്ടുമല വലിയവിള എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യവും ഇല്ലെന്നാണ് പ്രചാരണം. ഞായറാഴ്ച സേവാഭാരതി പ്രവർത്തകർ  ഭക്ഷണവുമായി ഇവർ താമസിക്കുന്ന ഷെഡിൽ എത്തി. തങ്ങൾക്ക് ഭക്ഷണത്തിന്റെ ആവശ്യം ഇല്ലെന്നും എസ്റ്റേറ്റ് മാനേജ്മെന്റ്‌ ഏപ്രിൽ അഞ്ചുവരെയുള്ള ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ചഠട്ടുണ്ടെന്നും തൊഴിലാളികൾ അറിയിച്ചു. എന്നാൽ, സേവാഭാരതിക്കാർ കൊണ്ടുവന്ന ഭക്ഷണം നിർബന്ധിച്ച് അവിടെ വച്ചിട്ടുപോയി. അതിനുശേഷം തൊഴിലാളികളോട്‌ നാട്ടിലേക്ക് പോകണമെന്ന രീതിയിൽ  പ്രേരിപ്പിച്ചു. പണിസാധനങ്ങളും മറ്റും സൂക്ഷിക്കുന്ന താൽക്കാലിക ഷെഡിന് മുന്നിൽ തൊഴിലാളികൾ നിൽക്കുന്ന ദൃശ്യങ്ങൾ വീഡിയോ പകർത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് കൊടുത്തു. തൊഴിലാളികൾ കൊടുംപട്ടിണിയിൽ ആണെന്നും പഞ്ചായത്തും എസ്റ്റേറ്റ് മാനേജ്മെന്റും സർക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്നും പ്രചരിപ്പിച്ചു.  സേവാഭാരതിയാണ് ഇവർക്ക് ഭക്ഷണം നൽകുന്നതെന്ന നുണയും തട്ടിവിട്ടു. ജാർഖണ്ഡിൽ നിന്ന്‌ എട്ടുപേരും ഒരു കർണാടക സ്വദേശിയും അടക്കം ഒമ്പത്  പേരാണ്‌ ഇവിടെ ഉള്ളത്. എന്നാൽ, തങ്ങൾ ഈ  ഷെഡ്ഡിൽ അല്ല  അടുത്തുള്ള ഒരു വീട്ടിൽ ആണ് താമസിക്കുന്നതെന്നും എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും തൊഴിലാളികൾ ആവർത്തിച്ച്‌ പറഞ്ഞിട്ടും ഇവർ ചെവിക്കൊണ്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ സേവാഭാരതി പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന്‌  സിപിഐ എം കുറ്റിച്ചൽ ലോക്കൽ സെക്രട്ടറി എം അഭിലാഷ് ആവശ്യപ്പെട്ടു. പനവൂർ പഞ്ചായത്തിൽ വിവിധ ക്യാമ്പുകളിൽ  കഴിയുന്ന അതിഥിത്തൊഴിലാളികളെ  തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധത്തിനിറക്കാൻ ചിലർ നടത്തിയ ആസൂത്രിത നീക്കം വിഫലമായി. കോൺട്രാക്ടര്‍ തേരിയിൽ ഷാനവാസിന്റെ നേതൃത്വത്തിൽ പനവൂർ ജങ്‌ഷനിൽ കഴിയുന്ന 25 ഓളം  തൊഴിലാളികളെ ഉപയോഗിച്ച്‌ പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ സംഘടിപ്പിക്കാനായിരുന്നു ശ്രമം. ഡി കെ മുരളി എം എല്‍ എയും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയാണ്‌ ഈ നീക്കം തടഞ്ഞത്‌. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പനവൂർ പഞ്ചായത്തിലെ വിവിധ ക്യാമ്പുകൾ ഡി കെ മുരളി എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോർ, വെള്ളാഞ്ചിറ വിജയൻ, കെ എൻ വി നൗഷാദ്, ആരോഗ്യ വിഭാഗം ജീവനക്കാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top