21 October Monday

തിര കവർന്ന ജീവിതം തിരികെ പിടിക്കാൻ...

സ്വന്തംലേഖികUpdated: Friday Aug 30, 2019

 

തിരുവനന്തപുരം 
"എല്ലാം കാര്യങ്ങളും നോക്കിയിരുന്നത്‌ ചേട്ടനായിരുന്നു. ഒറ്റയ്‌ക്കായിപ്പോകുമെന്ന്‌ ഒരിക്കലും വിചാരിച്ചിട്ടില്ല. എങ്ങനെ മുന്നോട്ടുപോകുമെന്ന്‌ അറിയില്ലായിരുന്നു. സർക്കാരിനോട്‌ നന്ദിയുണ്ട്‌...' ജോൺസൺ ഗബ്രിയേലിന്റെ ചിത്രത്തിൽനിന്ന്‌ കണ്ണെടുക്കാതെ ശാലിനി പറഞ്ഞുനിർത്തി. 
കടലിൽ ചാടിയ മൂന്നാർ സ്വദേശിനിയെ രക്ഷിക്കുന്നതിനിടെ മരിച്ച ലൈഫ്‌ഗാർഡ്‌ ജോൺസൺ ഗബ്രിയേലിന്റെ ഭാര്യയാണ്‌ ശാലിനി. 
അദ്ദേഹം ബാക്കിവച്ച കാര്യങ്ങൾ പൂർത്തിയാക്കണം... മക്കളെ പഠിപ്പിക്കണം. നേടിയെടുക്കാനുള്ള ഒരുപാട്‌ ലക്ഷ്യങ്ങളുണ്ട്‌ അവർക്ക്‌. 
പതിമൂന്നു വർഷം ലൈഫ്‌ ഗാർഡായി ജോലിനോക്കിയയാളാണ്‌ ജോൺസൺ. തിരകളെ തോൽപ്പിച്ച്‌ നിരവധി ജീവൻ രക്ഷിച്ചു. മരണത്തിനു കീഴടങ്ങുംമുമ്പുപോലും ഒരു ജീവൻ രക്ഷപ്പെടുത്തിയാണ്‌ ജോൺസൺ മടങ്ങിയത്‌. അക്കാര്യമോർക്കുമ്പോൾ അഭിമാനമുണ്ട്‌– -നിറകണ്ണുകളോടെ ശാലിനി തുടർന്നു. 
വീടുപണി പൂർത്തിയാക്കണമെന്നത്‌ ജോൺസന്റെ വലിയ സ്വപ്‌നമായിരുന്നു. വയർലെസ്‌ ജങ്‌ഷനിലെ രാജീവ്‌ നഗറിൽ 2001ൽ ശാലിനിയുടെ അമ്മയുടെ പേരിൽ പട്ടയം പതിച്ചുകിട്ടിയ രണ്ട്‌ സെന്റ്‌ ഭൂമിയിലാണ്‌ വീടുപണി തുടങ്ങിയതെന്നും അവർ പറഞ്ഞു. 
അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിൽനിന്ന്‌ സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാനുള്ള ശ്രമത്തിലാണ്‌ ശാലിനിയും മക്കളും. ഒമ്പതാംക്ലാസുവരെമാത്രമേ ശാലിനി പഠിച്ചിട്ടുള്ളൂ. വലിയതുറ സെന്റ്‌ ആന്റണീസ്‌ എച്ച്‌എസ്‌എസിൽ ഒമ്പതാംക്ലാസ്‌ വിദ്യാർഥിയായ മകൻ അബിക്ക്‌ സോഫ്‌റ്റ്‌വെയർ എൻജിനിയറാകാനാണ്‌ ആഗ്രഹം. മകൾ ആതിര തോപ്പിൽ സെന്റ്‌ റോസ്‌ ഹൈസ്‌കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്നു.
 
 
പ്രധാന വാർത്തകൾ
 Top