25 August Sunday

ഫ്ലാറ്റ് നിര്‍മാണത്തിനിടെ വീട് തകര്‍ന്ന വയോധികയ്ക്ക് തുണയായി വനിതാ കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
തിരുവനന്തപുരം
 പതിനെട്ട്നില ഫ്ലാറ്റിന്റെ നിർമാണത്തിനിടയിൽ സമീപത്തുള്ള സ്വന്തം വീട് തകർന്ന വയോധികയ്ക്ക് സഹായവുമായി വനിതാ കമീഷൻ. തറയും ചുവരും മതിലും ഉൾപ്പെടെ തകർന്നുവെന്ന വയോധികയുടെ പരാതിയിൽ  കമിഷൻ നടപടി സ്വീകരിച്ചു. ശനിയാഴ്ച  തൈക്കാട് റെസ്റ്റ് ഹൗസിൽ നടന്ന അദാലത്തിൽ ഫ്ലാറ്റ് നിർമാതാക്കളെ വിളിച്ചു വരുത്തി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതായി വനിതാ കമീഷൻ അംഗം ഇ എം രാധ പറഞ്ഞു. വയോധികയുടെ പരാതിയെ തുടർന്ന് ഫ്ലാറ്റ് നിർമാണം നടക്കുന്ന സ്ഥലം  വനിതാ കമീഷൻ സന്ദർശിച്ച‌് സ്ഥിതി വിലയിരുത്തിയിരുന്നു. പരാതി ശരിയാണെന്ന്  ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  നിർമാണം അനധികൃതമാണോയെന്ന് സംശയിക്കുന്നതിനാലാണ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്ന് ഇ എം രാധ പറഞ്ഞു. മൂന്ന് ദിവസമായി നടന്ന അദാലത്തിൽ  600 കേസുകൾ പരിഗണിച്ചു. 222 കേസുകൾ തീർപ്പാക്കി. 34 കേസുകളിൽ റിപ്പോർട്ട് തേടി. 12 കേസുകളിൽ കൗൺസലിങ് നടത്തും. കക്ഷികൾ ഹാജരാകാത്തതും കൂടുതൽ നടപടികൾ ആവശ്യമുളളതുമായ 332 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.
പ്രധാന വാർത്തകൾ
 Top