25 May Monday
സുരക്ഷാസംവിധാനങ്ങളില്ലാതെ ജോലി

ബാങ്ക്‌ ജീവനക്കാർ ആശങ്കയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
തിരുവനന്തപുരം
കോവിഡ്‌ 19ന്റെ വ്യാപനത്തിനിടയിലും യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ്‌ ബാങ്ക്‌ ജീവനക്കാർ ജോലി ചെയ്യുന്നതെന്ന്‌ ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ പറഞ്ഞു.
 
പെൻഷൻ, ആനുകൂല്യങ്ങൾ എല്ലാം ജനങ്ങളിൽ എത്തിക്കുന്ന ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും ആശങ്കയിലാണ്. എല്ലാ ദിവസവും ബാങ്ക് തുറന്നു പ്രവർത്തിക്കുമ്പോൾ നിരീക്ഷണത്തിലുള്ളവർ നിർദേശിച്ചിട്ടുള്ള വ്യക്തികൾ പോലും ബാങ്കിലെത്തുകയാണ്‌. 
ജീവനക്കാർക്കാവശ്യമായ എൻ 95 മാസ്‌ക്കുകൾ, ഗോഗിൾ, പ്രൊട്ടക്റ്റീവ് ക്ലോത്തിങ് യാതൊന്നും ബാങ്കുകൾ ലഭ്യമാക്കിയിട്ടില്ല. സാധാരണ മാസ്‌ക്കും കൈയുറയും മാത്രം ധരിച്ചാണ്‌ ജീവനക്കാർ ജോലി ചെയ്യുന്നത്‌. 31 ന്, സംസ്ഥാന ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ച സമയ നിയന്ത്രണങ്ങൾ കൂടി അവസാനിക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിരാശരാണ് ജീവനക്കാർ.
 
കൂടുതൽ രോഗികളുള്ള കാസർകോട്‌ ബാങ്ക്‌ ശാഖകളുടെ പ്രവർത്തനം ഒന്നിടവിട്ട ദിവസങ്ങളിലാക്കണം. നിലവാരമുള്ള മാസ്ക്, കൈയുറ, ഗോഗിൾ തുടങ്ങിയവ ലഭ്യമാക്കണം. നിലവിലെ പ്രവർത്തന സമയം(പകൽ 10 മുതൽ രണ്ട്‌ വരെ) ഏപ്രിൽ 14 വരെ നീട്ടണം. തിരക്ക്‌ അനിയന്ത്രിതമായാൽ പൊലീസ്‌ സഹായം ഉറപ്പുവരുത്തണം. ബാങ്ക്‌ ജീവനക്കാരെ പൊലീസ്‌ തടയരുത്‌. വായ്‌പ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി 12 മാസമാക്കണം. 
മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കണം. ജപ്‌തി നടപടികളും മറ്റ്‌ കോടതി നടപടികളും 12 മാസത്തേക്ക്‌ നിർത്തിവയ്‌ക്കണമെന്നും കോൺഫെഡറേഷൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top