29 May Friday

കല്ലിയൂരിൽ സമൂഹഅടുക്കള അട്ടിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ബാലരാമപുരം
ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിൽ സമൂഹ അടുക്കള പദ്ധതി അട്ടിമറിക്കാൻ നീക്കം. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഭക്ഷണവിതരണം ആരംഭിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും ഇതുവരെ സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കാനോ ഭക്ഷണം വിതരണം ചെയ്യാനോ പഞ്ചായത്ത് തയ്യാറായിട്ടില്ല. പുന്നമൂട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് കിച്ചൻ ആരംഭിക്കാൻ തീരുമാനിച്ചത്.
 
സന്നദ്ധ പ്രവർത്തകരാകാൻ തയ്യാറുള്ള 100 പേരുടെ ലിസ്റ്റും മേൽവിലാസവും മൊബൈൽ നമ്പരും ആധാർ കാർഡും ഫോട്ടോയും ഉൾപ്പെടെ പഞ്ചായത്തിന് കൈമാറിയിരുന്നു. എന്നാൽ,  ഇതുവരെ അവർക്ക് ബാഡ്ജ് നൽകാൻപോലും പഞ്ചായത്ത് സെക്രട്ടറി ബിജു ജോസഫ് തയ്യാറായില്ല. കമ്യൂണിറ്റി കിച്ചനിൽ രാഷ്ട്രീയം പാടില്ലെന്നിരിക്കെ ബിജെപി പ്രവർത്തകരെമാത്രം ഉൾപ്പെടുത്തി സന്നദ്ധ പ്രവർത്തകരുടെ പട്ടിക തയ്യാറാക്കിയതായും ആക്ഷേപമുയർന്നു. 
 
നൂറുകണക്കിന്‌ അതിഥിത്തൊഴിലാളികൾ ഉള്ള കല്ലിയൂരിൽ ഇവർ ഭക്ഷണത്തിന്‌ ബുദ്ധിമുട്ടുകയാണ്‌. നേമം പൊലീസിന്റെ ആവശ്യപ്രകാരം ഇരുപതോളം അന്യസംസ്ഥാന തൊഴിലാളികൾക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ കഴിഞ്ഞ ദിവസം ഭക്ഷണമെത്തിച്ചിരുന്നു.
കൊറോണക്കാലത്ത് ആശ്വാസനടപടികൾ സ്വീകരിക്കുന്നതിനു പകരം ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുമാണ് ബിജെപി ശ്രമം. പഞ്ചായത്തുതന്നെ പദ്ധതി അട്ടിമറിച്ച സാഹചര്യത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇ എം എസ് ചാരിറ്റബിൾ ട്രസ്റ്റ്‌ കല്ലിയൂർ സർവീസ് സഹകരണ ബാങ്ക്‌, നാട്ടുകാർ എന്നിവരുടെ സഹായത്തോടെ സമൂഹ അടുക്കള തുടങ്ങാനാണ്‌ തീരുമാനം. 
 
കല്ലിയൂർ ശാസ്താംകോവിൽ എൻഎസ്എസ് ഹാളിലാണ്‌ ചൊവ്വാഴ്‌ചമുതൽ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നത്‌. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top