നേമം
‘‘നേമം ഗവ.യുപിഎസിന് ഗ്ലാമറില്ല; പാവപ്പെട്ടവന്റെ കുട്ടികളല്ലേ പഠിക്കുന്നത്’’–- യുഡിഎഫ് ഭരിക്കുമ്പോൾ മലയാള മനോരമ പത്രം നൽകിയ വാർത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു. എന്നാൽ ഇന്ന് ഈ സ്കൂളിലേക്ക് മലയാള മനോരമക്കാർ ഒന്നു ചെന്ന് നോക്കണം. വെറും ഗ്ലാമർ മാത്രമല്ല, ഹൈടെക് ലെവലിലേക്കാണ് സ്കൂളിനെ എൽഡിഎഫ് സർക്കാർ എത്തിച്ചിരിക്കുന്നത്.
യുഡിഎഫ് കാലത്ത് പൊട്ടിപ്പൊളിഞ്ഞ്, നിലംപൊത്താറായ കെട്ടിടങ്ങൾ ഇന്ന് പഴയകഥയാണ്. എൽഡിഎഫ് സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് ഒമ്പത് ക്ലാസുമുറിയുള്ള ബഹുനില മന്ദിരം നിർമിച്ചു. ദേശീയപാതയോട് ചേർന്ന് ആറ് ക്ലാസ് മുറിയുള്ള ഇരുനില മന്ദിരവും നിർമിച്ചു. പുതിയ കെട്ടിടത്തിന്റെ നിർമാണവും ആരംഭിച്ചു.
36 ക്ലാസ് മുറിയിലും കുട്ടികൾക്ക് വായിക്കാൻ പുസ്തകച്ചുവരുകൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ, മലയാളത്തിലെയും ഗണിതത്തിലെയും പാഠഭാഗങ്ങളിലെ ചിത്രങ്ങൾ വരച്ച ചുവരുകൾ എന്നിവ ഒരുക്കി.
രണ്ട് പഞ്ചായത്തിലും രണ്ട് നിയോജക മണ്ഡലത്തിലുമായി സ്ഥിതി ചെയ്യുന്ന സ്കൂൾ എന്ന അപൂർവതയും നേമം ഗവ.യുപിഎസിനുണ്ട്. ജനപ്രതിനിധികളായ എ സമ്പത്ത്, ഐ ബി സതീഷ്, എം വിൻസെന്റ് എന്നിവർ സ്കൂൾ ബസുകൾ സംഭാവനയായി നൽകി. കുട്ടികളുടെ ക്ലാസ്മുറികളിൽ ശിശുസൗഹൃദ ഫർണിച്ചർ ലഭ്യമാക്കി.
കല്ലിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രഭാതഭക്ഷണ പരിപാടി നടപ്പാക്കുന്നുണ്ട്. ഫർണിച്ചർ ഒരുക്കാനും വൈദ്യുതീകരണത്തിനും പഞ്ചായത്ത് പദ്ധതി വിഹിതത്തിൽ തുക അനുവദിച്ചിട്ടുണ്ട്. സ്വന്തമായി അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കി അധ്യാപക സ്വയംശാക്തീകരണ പരിപാടിക്കും സ്കൂൾ നേതൃത്വം നൽകുന്നുണ്ട്. പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 1500 ലേറെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള സർക്കാർ സ്കൂളായി നേമം ഗവ.യുപിഎസിനെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് പിടിഎയും അധ്യാപകരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..