20 October Sunday
പ്രൊപ്പല്ലറിൽ വലകുരുങ്ങി

പട്രോൾ ബോട്ട്‌ കടലിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

കോവളം

ശക്തമായ കടൽത്തിരകളെ അവഗണിച്ച് തീരത്തോട് ചേർന്ന്  മീൻപിടിക്കുന്ന ബോട്ടുകളെ തുരത്താൻ പോയ മറൈൻ എൻഫോഴ്സ്മെന്റിന്റെ പട്രോൾ ബോട്ട്‌ പ്രൊപ്പല്ലറിൽ മത്സ്യബന്ധന വലകുരുങ്ങി കടലിൽ കുടുങ്ങി.  നിയന്ത്രണം തെറ്റി ഉൾക്കടലിലേക്ക് ഒഴുകിയ ബോട്ടിലുള്ള പൊലീസുകാരൻ ഉൾപ്പെടെ അഞ്ചുപേരെ കരയ്‌ക്കെത്തിക്കാൻ തീരസംരക്ഷണ സേനയുടെ ബോട്ടിറക്കി. പ്രക്ഷുബ്‌ധമായ കടലിൽ ലക്ഷ്യമില്ലാതെ അലഞ്ഞ ബോട്ടിനെയും ജീവനക്കാരെയും രാത്രിയോടെ തീരസംരക്ഷണസേന കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചോടെ തുമ്പയിൽനിന്ന് 15 കിലോമീറ്റർ ഉൾക്കടലിൽ ആയിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ ഇടവയ്‌ക്ക് പുറപ്പെട്ട ബോട്ട് തിരിച്ച് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ചുറ്റിപ്പിടിച്ച വല മുറിച്ച് മാറ്റാനുള്ള ജീവനക്കാരുടെ ഏറെ നേരത്തെ ശ്രമവും പരാജയപ്പെട്ടു. തിരച്ചുഴിയിൽപ്പെട്ട് ശക്തമായി ആടിയുലഞ്ഞ ബോട്ട് അപകടാവസ്ഥയിലായതോടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും രണ്ട് ലൈഫ് ഗാർഡുമാരും രണ്ട് സ്രാങ്ക് മാരുമുൾപ്പെട്ട സംഘം രക്ഷയ്‌ക്കായി മറൈൻ എൻഫോഴ്സ്മെന്റ്‌ ഓഫീസിലേക്ക് വിളിച്ചു. രൂക്ഷമായ കടൽക്ഷോഭത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങാൻ തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും തയ്യാറായില്ല. തുടർന്ന് അധികൃതർ തീരസംരക്ഷണസേനയുടെ സഹായം തേടി. ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ച് ബോട്ടിറക്കിയ തീരസംരക്ഷണസേന ഉൾക്കടലിലേക്ക് ഒഴുകിപ്പോയ മറൈൻ ബോട്ടിനെ രാത്രി എട്ടോടെ കണ്ടെത്തി. തിരയടിയിൽ ആടിയുലഞ്ഞ പട്രോൾ ബോട്ടിനെ ഏറെ സാഹസപ്പെട്ട് കെട്ടിവലിച്ച് രാത്രി വൈകി വിഴിഞ്ഞം തുറമുഖത്തടുപ്പിച്ചു. പ്രക്ഷുബ്‌ധമായ കടലിൽ ബോട്ടിറക്കാൻ മടിച്ച ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥന്റെ സമ്മർദത്തെ തുടർന്നാണ് ജീവൻ പണയംവച്ച് രംഗത്തിറങ്ങിയതെന്ന് പറയുന്നു.

പ്രധാന വാർത്തകൾ
 Top