തിരുവനന്തപുരം
രാജാജിനഗറിലെ ശ്രീക്കുട്ടൻ ഇനി ഇംഗ്ലണ്ടിൽ ഗോൾവേട്ടയ്ക്കിറങ്ങും. ഇംഗ്ലണ്ടിൽ നടക്കുന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിക്കാൻ അവസരം കിട്ടിയതിന്റെ ആവേശത്തിലും സന്തോഷത്തിലുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ‘ശ്രീ’.
‘‘ഇംഗ്ലീഷ് പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ കളിക്കാൻ അവസരം കിട്ടിയതിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ട്. അവിടെയും നല്ല പ്രകടനം പുറത്തെടുക്കണം. അതിനുള്ള കഠിനാധ്വാനത്തിലാണ് ഞാനും ടീമും’’–- കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം മുന്നേറ്റക്കാരന്റെ വാക്കുകളിൽ ആത്മവിശ്വാസവും കളിയോടുള്ള ആത്മസമർപ്പണവും. ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിലും ഇടം പിടിച്ചതും താരത്തിന്റെ ആഹ്ലാദം ഇരട്ടിയാക്കുന്നു.
ലയണൽ മെസിയുടെ കടുത്ത ആരാധകനാണ് ശ്രീക്കുട്ടൻ. പ്രതിരോധ നിരയെ വെട്ടിച്ച് മിന്നൽ നീക്കങ്ങളിലൂടെ ഗോൾ നേടുന്ന മിടുക്കൻ കളത്തിലെത്തിയത് പരിമിതികളെ മറികടന്ന്.
അച്ഛൻ മണിക്കുട്ടൻ പെട്രോൾ പമ്പിലെ ജീവനക്കാരനാണ്. മകനെ വലിയ ഫുട്ബോൾ താരമാക്കണമെന്ന് ആഗ്രഹിച്ചത് മറഡോണയെ ആരാധിക്കുന്ന അച്ഛനായിരുന്നു. കളിക്കാൻ പോകുന്നിടത്തും ടൂർണമെന്റ് നടക്കുന്നിടത്തും മകനെ ഒപ്പം കൂട്ടി.
സെൻട്രൽ സ്റ്റേഡിയത്തിലെ സമ്മർക്യാമ്പിൽ പങ്കെടുത്തതോടെയാണ് ആദ്യ വഴിത്തിരിവ്. സ്പോർട്സ് കൗൺസിൽ സെലക്ഷൻ ലഭിച്ചു. തുടർന്ന് പത്തനംതിട്ടയിൽ സംസ്ഥാന ചാമ്പ്യൻഷിപ് കളിച്ചു. പിന്നീട് മലപ്പുറം എംഎസ്പിയിൽ.
ഖേലോ ഇന്ത്യ സെലക്ഷന് എറണാകുളത്ത് പങ്കെടുക്കാൻ എത്തിയപ്പോഴാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ണിൽപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകൻ തോമസ് ട്രയൽസിൽ പങ്കെടുക്കാൻ നിർദേശിച്ചു. ഫലം വന്നപ്പോൾ ടീമിലിടം നേടി. കെപിഎല്ലിലും റിലയൻസ് ഡവലപ്മെന്റ് ലീഗിലും തകർപ്പൻ പ്രകടനം.
ഡവലപ്മെന്റ് ലീഗിൽ ഒരു ഗോൾ നേടി. മറ്റൊന്നിന് വഴിയൊരുക്കി. കെപിഎല്ലിൽ രണ്ട് ഗോൾ . ‘‘ഡവലപ്മെന്റ് ലീഗ് നല്ല അനുഭവമായിരുന്നു. കപ്പടിക്കാനാകാത്തതിൽ സങ്കടമുണ്ടായിരുന്നു. എന്നാൽ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാനടക്കമുള്ള ടീം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമെല്ലാം വലിയ പിന്തുണയാണ് നൽകുന്നത്. കളിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ. ഐഎസ്എൽ കളിക്കണം. ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിൽ ഇടം പിടിക്കണം’’–-ഇതാണ് മുന്നിലുള്ള ലക്ഷ്യങ്ങളെന്ന് താരം. ശ്രീദേവിയാണ് അമ്മ.സഹോദരി: ശ്രീക്കുട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..