05 April Sunday

ലൈഫ്‌ ബാൻഡുണ്ടേൽ ‘ലൈഫ്‌ സേഫാ’

സുധീർ വർക്കലUpdated: Thursday Feb 27, 2020

ലൈഫ് ബാൻഡുമായി വി എസ് നന്ദഗോപാൽ

വർക്കല
വയോജനങ്ങൾ, അൽഷിമേഴ്സ് ബാധിതർ എന്നിവരെക്കുറിച്ച്‌ ടെൻഷനടിക്കുന്നവരുണ്ടോ? നിങ്ങളുടെ ടെൻഷൻ കുറയ്‌ക്കാൻ ഈ കുട്ടിശാസ്‌ത്രജ്‌ഞന്റെ കൈയിൽ ഒരു സൂത്രമുണ്ട്‌. ബെൽറ്റ് മാതൃകയിലുള്ള ഒരു ബാൻഡ്‌. പത്താംക്ലാസുകാരൻ നന്ദഗോപാൽ കണ്ടുപിടിച്ച ഇതിന്‌ ‘ലൈഫ്‌ ബാൻഡ്‌’ എന്നാണ്‌ പേരിട്ടത്‌. രോഗിയുടെയോ വയോജനങ്ങളുടെയോ ശരീരത്തിൽ ഘടിപ്പിക്കാം. ശരീരോഷ്മാവ്, ഹൃദയമിടിപ്പ്, രക്തസമ്മർദം ശരീരചലനങ്ങളിലുണ്ടാകുന്ന അസാധാരണ വ്യതിയാനം എന്നിവ നിരീക്ഷിക്കാൻ സഹായിക്കും. 
ബാൻഡ്‌ ധരിച്ചിരിക്കുന്നയാൾ കുഴഞ്ഞുവീഴുകയോ ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടാകുകയോ ചെയ്‌താൽ  ഈ ഉപകരണം അക്കാര്യം ബന്ധുക്കളുടെ മൊബൈലിൽ സന്ദേശമായി എത്തിക്കും. ബ്ലൂടൂത്ത്‌,  ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ (ജിഎസ്എം) എന്നീ സംവിധാനങ്ങളിലൂടെയാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.
 
അയിരൂർ എംജിഎം മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ്‌ വിദ്യാർഥിയായ വി എസ് നന്ദഗോപാലാണ്‌ സമൂഹത്തിന്‌ ആശ്വാസമേകുന്ന ‘വലിയ’ കണ്ടുപിടിത്തം നടത്തിയത്‌.പൾസ് സെൻസർ, ബാരോമെട്രിക് പ്രഷർ സെൻസർ, ബ്ലൂടൂത്ത് സംവിധാനം, ബാറ്ററി എന്നിവ അടങ്ങിയതാണ് ബാൻഡ്‌. ജിഎസ്എം സംവിധാനത്തിലൂടെ വിദേശത്തുള്ളവർക്കുപോലും രോഗികൾക്കുണ്ടാകുന്ന അപകടസൂചന എത്തിക്കാനാകുമെന്ന്‌ നന്ദഗോപാൽ അവകാശപ്പെടുന്നു. ഉൽപ്പന്നം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌. 1500 രൂപയോളമേ വിപണിയിൽ വിലയുണ്ടാകൂ. 
 
അസുഖം ബാധിച്ച കുട്ടികളെ വീട്ടിലാക്കി ജോലിക്ക്‌ പോകേണ്ടിവരുന്നവർക്ക് ലൈഫ്‌ ബാൻഡ്‌ ആശ്വാസമേകും. 
ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന് കേരള ഡെവലപ്മെന്റ് ആൻഡ്‌ ഇന്നവേഷൻ സ്ട്രാറ്റജീസിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. യങ് ഇന്നവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 2019–- 2022 ലേക്ക് തെരഞ്ഞെടുത്ത മികച്ച പ്രോജക്ടുകളിലൊന്നാണിത്‌. 2019 ൽ കൊല്ലം പാരിപ്പള്ളി യുകെഎഫ് എൻജിനിയറിങ്‌ കോളേജിൽ സംഘടിപ്പിച്ച സയൻസ് പ്രോജക്ടുകളുടെ മത്സരത്തിൽ നന്ദഗോപാലിന് ക്യാഷ് അവാർഡ് ലഭിച്ചിരുന്നു. 
കൊല്ലം പരവൂർ വൈശാഖം വീട്ടിൽ വിനോദ് കുമാർ –-സരിത ദമ്പതികളുടെ മകനാണ്‌.
പ്രധാന വാർത്തകൾ
 Top